മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം: മലയാളി യുവാവ് കൊല്ലപ്പെട്ടു
Wednesday, April 30, 2025 2:40 AM IST
മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റ ഫാണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ ഓട്ടോഡ്രൈവർ സച്ചിൻ (26), ദേവദാസ് (50), മഞ്ജുനാഥ് (32), നിതേഷ് കുമാർ (33), സായ്ദീപ് (29), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാരിസ് (41),ശ്രീദത്ത (32), രാഹുൽ (23), പ്രദീപ്കുമാർ (35), മനീഷ് ഷെട്ടി (21), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മംഗളൂരു നഗരത്തിനു സമീപം കുഡുപ്പുവിലായിരുന്നു സംഭവം. മത്സരത്തിനിടെ ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവർ സച്ചിന്റെ നേതൃത്വത്തിൽ അഷ്റഫിനെ ക്രൂരമായി മർദിച്ചത്. പിന്നീട് ഇയാളെ മൈതാനത്തിനു സമീപം ഉപേക്ഷിച്ച് സംഘം പിരിഞ്ഞുപോകുകയായിരുന്നു.
ഏറെനേരം വൈകിയാണ് പോലീസെത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽവച്ചാണ് അഷ്റഫ് മരിച്ചത്. ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മർദനമേറ്റതുമൂലമുണ്ടായ ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു കണ്ടെത്തിയത്.
അസ്വാഭാവിക മരണമെന്നു കാണിച്ച് നേരത്തേ രജിസ്റ്റർ ചെയ്ത കേസിൽ ഭാരതീയ ന്യായസംഹിതയിലെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.അഷ്റഫിന്റെ മൃതദേഹം ഗവ. വെൻലോക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, പാക്കിസ്ഥാനു മുദ്രാവാക്യം വിളിക്കാനുള്ള സാഹചര്യംകൂടി പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.