പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് മോദിയോടു കോൺഗ്രസ്
Wednesday, April 30, 2025 2:39 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് പ്രത്യേകമായി സമ്മേളിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി മോദിക്ക് ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കളുടെ കത്ത്.
ഭീകരാക്രമണത്തെ നേരിടാനുള്ള ഇന്ത്യയുടെ കൂട്ടായ ഐക്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതിനായി സഭകൾ സമ്മേളിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കത്തിൽ പറയുന്നു.
ഒത്തൊരുമയും ഐക്യദാർഢ്യവും അനിവാര്യമായ ഈ അവസരത്തിൽ പാർലമെന്റിന്റെ ഇരുസഭകളും എത്രയും പെട്ടെന്നുതന്നെ സമ്മേളിക്കേണ്ടത് അത്യാവശ്യമാണെന്ന് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ തെളിവായിരിക്കുമിതെന്നും ഖാർഗെ സൂചിപ്പിച്ചു.
പഹൽഗാം ഭീകരാക്രമണം എല്ലാ ഇന്ത്യക്കാരെയും രോഷം കൊള്ളിക്കുന്നുവെന്നും തീവ്രവാദത്തിനെതിരേ ഇന്ത്യ ഒറ്റക്കെട്ടാണെന്നു പ്രകടമാക്കണമെന്നും രാഹുൽ മോദിക്കയച്ച കത്തിൽ പറയുന്നു. പാർലമെന്റ് സമ്മേളിക്കുന്നതിലൂടെ ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും നിശ്ചയദാർഢ്യവും പ്രകടമാക്കാമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.