ജസ്റ്റീസ് ഗവായിയെ ചീഫ് ജസ്റ്റീസായി നിയമിച്ചു
Wednesday, April 30, 2025 2:40 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായിയെ നിയമിച്ചു. മേയ് 14ന് ഇദ്ദേഹം സ്ഥാനമേൽക്കും. ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഗവായിയെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.
ഇദ്ദേഹത്തിന് ആറു മാസം പദവിയിൽ തുടരാം. നിലവിലെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റീസ് ഗവായിയുടെ നിയമനം. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. തുടർന്നാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
2019 മേയ് 24നാണ് ജസ്റ്റീസ് ഗവായ് സുപ്രീംകോടതി ജഡ്ജിയായത്. ജസ്റ്റീസ് സഞ്ജീവ് ഖന്ന കഴിഞ്ഞാൽ സീനിയർ മോസ്റ്റ് ജസ്റ്റീസ് ഗവായി ആണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ 1960 നവംബർ 24നാണ് ജസ്റ്റീസ് ഗവായി ജനിച്ചത്.