ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ്: മെഡലുകളുമായി ദന്പതികൾ
Wednesday, April 30, 2025 2:39 AM IST
ധരംശാല: ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിംഗിൽ കേരളത്തിനായി മെഡൽ നേടി ദന്പതികൾ. അനുപമ സ്വർണവും ഭർത്താവ് സിബി സെബാസ്റ്റ്യൻ വെങ്കലവും കരസ്ഥമാക്കി.
45 പ്ലസ് വനിതാ വിഭാഗം 83 കിലോഗ്രാം വിഭാഗത്തിലാണ് അനുപമയുടെ സ്വർണ നേട്ടം. 50 പ്ലസ് 83 കിലോഗ്രാം വിഭാഗത്തിലാണ് സിബി സെബാസ്റ്റ്യൻ വെങ്കല മെഡൽ നേടിയത്.
കഴിഞ്ഞ വർഷം ഡിസംബറിൽ മലപ്പുറം വേദിയായ സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണവും സിബി വെള്ളിയും നേടിയിരുന്നു. ജനുവരിയിൽ കൊച്ചിയിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിലും ഈ നേട്ടം ദന്പതികൾ ആവർത്തിച്ചു. പിന്നാലെയാണ് ദേശീയ ഗെയിംസിലും മിന്നുന്ന പ്രകടനം ഇരുവരും കാഴ്ചവച്ചത്.
കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.