പാക് പ്രതിരോധമന്ത്രിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു കേന്ദ്രം
Wednesday, April 30, 2025 2:39 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.
പാക്കിസ്ഥാന് തീവ്രവാദ സംഘടനകൾ പിന്തുണയും സാന്പത്തികസഹായവും നൽകിയിട്ടുള്ള നീണ്ട ചരിത്രമുണ്ടെന്ന് ഭീകരാക്രമണമുണ്ടായതിനു പിന്നാലെ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഖ്വാജ തുറന്നുസമ്മതിച്ചിരുന്നു. ഇന്ത്യക്കെതിരേ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഖ്വാജയുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഐക്യരാഷ്ട്രസഭയിലും വിഷയം ഉയർത്തിയിരുന്നു. ഖ്വാജയുടെ പ്രസ്താവനകൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായി തുറന്നുകാട്ടുന്നതാണെന്നായിരുന്നു ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു.