വ്യാപാരയുദ്ധം രാഷ്ട്രീയചിത്രം മാറ്റുന്പോൾ
Wednesday, April 30, 2025 2:39 AM IST
സീനോ സാജു
ന്യൂഡൽഹി: കാനഡയുടെ പ്രധാനമന്ത്രിപദത്തിൽനിന്ന് താൻ പടിയിറങ്ങുമെന്ന് ജനുവരി ആറിന് ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിക്കുന്നതുവരെ കനേഡിയൻ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നായിരുന്നു. ലിബറൽ പാർട്ടിയുടെ ഉൾപാർട്ടി പ്രശ്നങ്ങളും പാർട്ടിയുടെ നേതാവ് ജസ്റ്റിൻ ട്രൂഡോയുടെ നേതൃപാടവത്തെക്കുറിച്ചുയർന്ന ചോദ്യങ്ങളും ജനവികാരത്തെ സ്വാധീനിച്ചപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ കണ്‍സേർവേറ്റിവ് പാർട്ടി വലിയ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിൽ വരുമെന്ന് പലരും വിധിയെഴുതി.
പത്തു വർഷം തുടർച്ചയായി കനേഡിയൻ പ്രധാനമന്ത്രിപദം അലങ്കരിച്ച ട്രൂഡോക്ക് സർക്കാരിലെ അഴിമതികളുടെ പരന്പരകളും നയതന്ത്ര നിലപാടുകളും ഭരണത്തിന്റെ അവസാന കാലത്തു തിരിച്ചടിയായി.
2021ലെ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ലിബറൽ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമുള്ള പിന്തുണ നൽകിയിരുന്ന ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പിന്തുണ പിൻവലിച്ചതും ട്രൂഡോക്ക് തിരിച്ചടിയായിരുന്നു. ഫലത്തിൽ ജസ്റ്റിൻ ട്രൂഡോ പടിയിറങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പുവരെ കാനഡയുടെ അടുത്ത തലവൻ പ്രതിപക്ഷമായ കണ്‍സർവേറ്റിവ് പാർട്ടിയിൽനിന്നൊരാളായിരിക്കുമെന്ന് ജനഹിത പോളുകൾ പ്രവചിച്ചു.
എന്നാൽ, കാനഡയുടെ വലിയ അതിർത്തിപറ്റിക്കിടക്കുന്ന ഒരു മഹാരാജ്യത്തിന് പുതിയൊരു രാഷ്ട്രത്തലവൻ വന്നപ്പോൾ അതിന്റെ അലയൊലികൾ കാനഡയുടെ രാഷ്ട്രീയത്തിലുമുണ്ടായി. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു മാസങ്ങൾക്കു ശേഷം മാത്രം ജനഹിതം കീഴ്മേൽ മറിഞ്ഞു.
അസ്ഥിരതയുടെ വക്താവായ ഡോണൾഡ് ട്രംപ് അനിശ്ചിതത്വത്തിന്റെ ‘ട്രംപ് കാർഡ്’ പുറത്തിറക്കിയപ്പോൾ ലോകരാഷ്ട്രീയവും വ്യാപാരവും സ്തംഭിച്ചു. ലോകരാജ്യങ്ങൾക്കുമേൽ ട്രംപ് പ്രഖ്യാപിച്ച വ്യാപാരയുദ്ധത്തിനിടയിലാണ് മാർക്ക് കാർണി എന്ന സാന്പത്തിക വിദഗ്ധൻ ലിബറൽ പാർട്ടിയുടെ തലപ്പത്തേക്കെത്തുന്നത്.
യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുള്ള കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 300 വർഷത്തെ ചരിത്രത്തിനിടയിൽ ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ ബ്രിട്ടീഷ് ഇതര വ്യക്തിയുമാണ്. 2008ലെ ആഗോള സാന്പത്തിക പ്രതിസന്ധിക്കിടയിലൂടെ കാനഡയെ കരകയറ്റിയതും അന്ന് ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി പ്രവർത്തിച്ചിരുന്ന കാർണിയാണ്.
ലോകം ആഗോള അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന നാളുകളിൽ തന്നെ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഹ്രസ്വകാലത്തേക്ക് കാനഡയുടെ ഏറ്റവും പ്രമുഖനായ സാന്പത്തികവിദഗ്ധൻ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ, വളരെ കുറഞ്ഞ നാൾകൊണ്ടുതന്നെ കാനഡയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയെഴുതുന്നതിൽ ഇതുവരെ ഒരു രാഷ്ട്രീയ ചുമതലയും വഹിച്ചിട്ടില്ലാത്ത കാർണിയുടെ രാഷ്ട്രീയ നയങ്ങളും തന്ത്രങ്ങളും പ്രധാനമായി.
കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ട്രംപ് തങ്ങളുടെ അയൽരാജ്യത്തിനുമേൽ ഭീമൻ തീരുവകൾ ചുമത്തിയപ്പോൾ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു കാർണിയുടേത്.
ഹാരിപോട്ടർ കഥകളിലെ വില്ലനായ വോൾഡ മോർട്ടിനോട് ട്രംപിനെ ഉപമിച്ച കാർണി അമേരിക്കയ്ക്കെതിരേ രൂക്ഷമായ ഭാഷയിൽതന്നെ തിരിച്ചടിക്കുകയും ചെയ്തു. കാനഡയിലെ വോ ട്ടർമാരുടെ നിലപാടുകൾക്ക് യു-ടേണ്‍ നൽകിയതിനു ലിബറൽ പാർട്ടി മുഖ്യമായി കടപ്പെട്ടിരിക്കുന്നത് ട്രംപിനോടും അവരുടെ നായകൻ കാർണിയോടുമാണ്.
പ്രതിസന്ധികളിൽ രാജ്യത്തെ മുന്‍പും നയിച്ചിട്ടുള്ള മാർക്ക് കാർണിക്കുതന്നെ ട്രംപ് ഉയർത്തുന്ന സാന്പത്തിക വെല്ലുവിളികൾക്കിടയിലൂടെ കാനഡയെ നയിക്കാനുള്ള അധികാരവും കനേഡിയൻ ജനത കൈമാറി.
ആഗോളരാജ്യങ്ങൾക്കിടയിൽ ലോകത്തിലെ ഏറ്റവും വലിയ സന്പന്ന രാജ്യമായ അമേരിക്ക ചെലുത്തുന്ന നിർണായക സ്വാധീനം ചുരുങ്ങിയ മാസങ്ങൾകൊണ്ട് അയൽരാജ്യത്തെ സ്വാധീനിച്ചപ്പോൾ ട്രംപ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന മറ്റു രാജ്യങ്ങൾക്കു മേലുള്ള ഭീമൻ തീരുവ പല രാജ്യങ്ങളുടെയും സന്പദ്ഘടനയും രാഷ്ട്രീയ അടിത്തറയും തിരുത്തിയെഴുതിയേക്കാം.
ട്രംപിന്റെ നയങ്ങൾക്ക് മൗനാനുവാദം മൂളിയല്ല, ശക്തമായ എതിർപ്പറിയിച്ചുകൊണ്ടാണ് മാർക്ക് കാർണി കാനഡയുടെ രാഷ്ട്രത്തലവനായതെന്ന വസ്തുത കൂടി പരിഗണിക്കുന്പോൾ, വ്യാപാരയുദ്ധം ഇനി അമേരിക്കയുടെ നയങ്ങളോടുള്ള രാജ്യങ്ങളുടെ നിലപാടുകൾകൊണ്ട് ആഗോള രാഷ്ട്രീയചിത്രം കൂടി മാറ്റിവരയ്ക്കാനാണ് സാധ്യത.