കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുവീണു മൂന്നു മരണം
Monday, January 6, 2025 4:06 AM IST
പോർബന്തർ: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ഐസിജി) ഹെലികോപ്റ്റർ തകർന്നു വീണ് കത്തി മൂന്നു നാവികർ മരിച്ചു. രണ്ടു പൈലറ്റുമാരും ഒരു എയർക്രൂ ഡൈവറുമാണു മരിച്ചത്. ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്.
പരിശീലനപ്പറക്കലിനുശേഷം മടങ്ങിയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ധ്രുവ്, ഹെലികോപ്റ്റർ കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേയായിരുന്നു അപകടം.
കമൻഡാന്റ് (ജെജി) സൗരഭ്, ഡെപ്യൂട്ടി കമൻഡാന്റ് എസ്.കെ. യാദവ്, നാവിക് മനോജ് പ്രധാൻ എന്നിവരാണു മരിച്ചത്. റൺവേക്കു സമീപം തകർന്നുവീണ ഹെലികോപ്റ്ററിനു തീപിടിക്കുകയായിരുന്നു. ഫയർ ബ്രിഗേഡ് എത്തി തീയണച്ചു.
ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോർബന്തർ വിമാനത്താവളത്തിൽ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും പ്രത്യേക എൻക്ലേവുകളുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനു പോർബന്തറിനു സമീപം അറബിക്കടലിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുവീണു മൂന്നു പേർ മരിച്ചിരുന്നു.