ഇന്ത്യ-അമേരിക്ക ആണവ സഹകരണ തടസങ്ങൾ നീക്കുമെന്ന് സള്ളിവൻ
Tuesday, January 7, 2025 2:07 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ആണവ സഹകരണത്തിലെ തടസങ്ങൾ നീക്കുന്നതിനു വേണ്ട നടപടികളെടുക്കുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ.
സ്ട്രൈക്കർ കവചിത വാഹനങ്ങളുടെ ആദ്യ വിദേശ നിർമാതാക്കളിൽ ഒന്നായി ഇന്ത്യ ഉടൻ മാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മിസൈൽ സാങ്കേതികവിദ്യ കൈമാറ്റത്തിൽ അടക്കം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും സള്ളിവൻ ഡൽഹിയിൽ പ്രഖ്യാപിച്ചു.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ഇന്നലെ വിശദമായ ചർച്ചകൾ നടത്തിയ ജേക്ക് സള്ളിവൻ ഇന്നലെ ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നടന്ന സമ്മേളനത്തിൽ പ്രഭാഷണവും നടത്തി.
ഇന്ത്യ- പസിഫിക് മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ- അമേരിക്കൻ സഹകരണം നിർണായകമാണെന്ന് അദ്ദേഹം ഐഐടിയിലെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നിർണായക സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിൽ അടക്കം പരസ്പര ആശ്രിതത്വം ആയുധമാക്കരുതെന്നു ചൈനയുടെ നിലപാടിനെ വിമർശിച്ച് സള്ളിവൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കന്പനികളുമായുള്ള അമേരിക്കൻ കന്പനികളുടെ സിവിൽ ആണവ പങ്കാളിത്തത്തിനുള്ള തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അമേരിക്ക അന്തിമമാക്കുകയാണെന്ന് സള്ളിവൻ അറിയിച്ചു.
ഇന്ത്യയുടെ സിവിൽ ആണവ മേഖലയുമായി ചേർന്നു പ്രവർത്തിക്കാൻ യുഎസ് കന്പനികളെ അനുവദിക്കുന്ന ദീർഘകാല നിയന്ത്രണങ്ങൾ അമേരിക്ക നീക്കം ചെയ്യുമെന്ന സുപ്രധാനമായ പ്രഖ്യാപനം ഇന്ത്യക്കു ഗുണകരമാകും.
ഇരുപതു വർഷം മുന്പ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് തുടങ്ങിവച്ച ആണവ സഹകരണത്തിന്റെ അടുത്ത ഘട്ടമാണിതെന്ന് സള്ളിവൻ ഡൽഹിയിൽ പറഞ്ഞു.
ചില സ്ഥാപനങ്ങളെ എന്റിറ്റി ലിസ്റ്റിൽനിന്നു നീക്കം ചെയ്യൽ, ശുദ്ധമായ ഊർജം, നൂതന ആണവ സാങ്കേതിക വിദ്യ എന്നിവയിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നതാണു പുതിയ തീരുമാനം.
സാങ്കേതികവിദ്യയിൽ ഇന്ത്യയുമായി സഹകരിക്കുന്ന ആദ്യ വിദേശ രാജ്യമാണ് അമേരിക്കയെന്ന് സള്ളിവൻ പറഞ്ഞു. ഇന്ത്യയുടെ വളർച്ചയോടുള്ള അമേരിക്കയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
പ്രതിരോധ, ബഹിരാകാശ സഹകരണം പുരോഗമിക്കുന്നു. ഇന്ത്യയുടെ വിജയത്തിൽ അമേരിക്ക ആഴത്തിൽ നിക്ഷേപം നടത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരവും സാന്പത്തികവുമായ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്നതാകും പുതിയ നടപടികൾ.
അമേരിക്കയിലെ ഇന്ത്യൻ നിക്ഷേപങ്ങളും കൂടി. അമേരിക്കയിൽ 4,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ നിക്ഷേപങ്ങൾക്കായി എന്നതു പരസ്പര പ്രയോജനം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാന്പത്തിക ഇടനാഴിക്ക് മധ്യേഷയിലെ യുദ്ധം വെല്ലുവിളിയാണ്. ജോ ബൈഡന്റെ കാലത്തോ, ഡോണൾഡ് ട്രംപിന്റെ ജനുവരി 20നു തുടങ്ങുന്ന പുതിയ ഭരണകാലത്തോ മധ്യേഷൻ യുദ്ധത്തിനു പരിഹാരം കാണാനാകുമെന്ന് സള്ളിവൻ പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സള്ളിവന്റെ സൂചന. ട്രംപിനു ചുമതല കൈമാറാൻ ബൈഡൻ ഭരണകൂടം തയാറെടുക്കുന്നതിനിടെയുള്ള അമേരിക്കൻ എൻഎസ്എ ജേക്ക് സള്ളിവന്റെ ഇന്ത്യ സന്ദർശനം വലിയ പ്രതീക്ഷയാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്സുമായി വിദേശകാര്യമന്ത്രി ജയശങ്കർ അടുത്തിടെ ചർച്ച നടത്തിയിരുന്നു.