ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ കോണ്‍ഗ്രസിന്റെ വാഗ്ദാനം
Tuesday, January 7, 2025 2:07 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് കോണ്‍ഗ്രസിന്റെ വന്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോണ്‍ഗ്രസ് സർക്കാർ കർണാടകയിൽ നടപ്പിലാക്കി വിജയിച്ച പദ്ധതിയുടെ മാതൃകയിലാണ് ഡൽഹിയിലും നടപ്പാക്കാൻ ഒരുങ്ങുന്നത്.
"പ്യാരി ദീതി യോജന’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ്. ഉപയോഗശൂന്യമായ സർക്കാർ മൂലമുണ്ടായ ഉയർന്ന പണപ്പെരുപ്പത്തെ ചെറുക്കാൻ സ്ത്രീകൾക്ക് സഹായകമാകുന്നതാണ് പുതിയ പദ്ധതിയെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ പുതിയ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു.
കർണാടകയിലെ സ്ത്രീകൾക്ക് കോണ്‍ഗ്രസ് സർക്കാർ പ്രതിമാസം 2000 രൂപ നൽകാൻ തുടങ്ങിയിട്ടിട്ടുണ്ടെന്നും ഡൽഹിയിലും ഇതേ മാതൃക നടപ്പിലാക്കുമെന്നും ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു.
ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടു സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നു.