ശീതകാലം ചൂടുപിടിക്കും;വഖഫ് നിയമഭേദഗതിയടക്കമുള്ള 16 ബില്ലുകൾ പരിഗണിക്കും
സ്വന്തം ലേഖകൻ
Monday, November 25, 2024 2:50 AM IST
ന്യൂഡൽഹി: സംഭവബഹുലമായ രാഷ്ട്രീയസംഭവവികാസങ്ങൾക്കിടയിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. വഖഫ് നിയമഭേദഗതിയും അദാനി വിഷയവും മണിപ്പുർ കലാപവുമടക്കമുള്ള വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ ആർജിച്ചെടുത്ത ഊർജംകൊണ്ടു പ്രതിരോധം തീർക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിൽ വഖഫ് നിയമഭേദഗതിയടക്കമുള്ള 16 ബില്ലുകൾ കേന്ദ്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്. മണിപ്പുർ കലാപം, അദാനി വിഷയങ്ങളിൽ സഭയിൽ ചൂടേറിയ ചർച്ചകൾ നടക്കുമെന്നതിൽ സംശയമില്ല.
അദാനി വിഷയം സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണത്തിന് വിടണമെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധി ഈയാഴ്ചതന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും.
പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നു വഖഫ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കാനാണു കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് നിർണായകമായ 15 ബില്ലുകൾകൂടി പാർലമെന്റിൽ അവതരിപ്പിക്കുന്നത്. നിലവിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും “ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’’ ബില്ലും സമ്മേളനത്തിൽ സർക്കാർ ചർച്ച ചെയ്യാനെടുക്കുമെന്നാണ് സൂചന.
അദാനി, മണിപ്പുർ വിഷയങ്ങൾ ചർച്ച ചെയ്യണം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അദാനിയും മണിപ്പുർ കലാപവുമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് സമ്മേളനത്തിനുമുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവക്ഷി യോഗത്തിൽ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വിളിച്ചുചേർത്ത യോഗത്തിൽ 30 പാർട്ടികളിൽനിന്നായി 42 നേതാക്കൾ പങ്കെടുത്തു. രാജ്യത്ത് കത്തിനിൽക്കുന്ന വിഷയങ്ങളോടൊപ്പം മലിനീകരണവും ട്രെയിനപകടങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സമ്മേളനത്തിന്റെ അജൻഡ ഇരുസഭകളുടെയും അധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് അംഗീകൃത സമിതികൾ തീരുമാനിക്കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി.
ലോക്സഭയിലും രാജ്യസഭയിലും നല്ല ചർച്ചകൾ നടത്താനാണു സർക്കാരിന്റെ ശ്രമം. ശീതകാല സമ്മേളനം നന്നായി നടത്താൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും റിജിജു പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോണ്‍ഗ്രസ് എംപി ജയ്റാം രമേശ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ, കേരളത്തിൽനിന്നുള്ള എംപിമാരായ സന്തോഷ് കുമാർ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.