ആന്ധ്രയിൽ പുകഞ്ഞ് അദാനി
Saturday, November 23, 2024 1:17 AM IST
സീനോ സാജു
ന്യൂഡൽഹി: വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കുറ്റപത്രം വന്നതിനുപിന്നാലെ ആന്ധ്ര രാഷ്ട്രീയം ആരോപണ- പ്രത്യാരോപണങ്ങളുമായി പുകയുന്നു.
അദാനി ഗ്രൂപ്പ് ആന്ധ്രയടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചുള്ള അമേരിക്കൻ കോടതിയിലെ കുറ്റപത്രമാണ് ആന്ധ്രയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.
2021ൽ അദാനി ആന്ധ്രയിൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കൈക്കൂലിക്കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് അന്നു മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആർ കോണ്ഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിയാണ്.
എന്നാൽ അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നടത്തിയ ആരോപണങ്ങൾ വൈഎസ്ആർ കോണ്ഗ്രസ് പൂർണമായി തള്ളി. ജഗൻ മോഹനെതിരേയുള്ള കുറ്റപത്രം പഠിച്ചതിനുശേഷം നടപടിയെടുക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
അദാനി ഗ്രീൻ എനർജി കന്പനി ഉത്പാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്കു സംസ്ഥാനങ്ങൾ വാങ്ങാനായി കൈക്കൂലി നൽകിയെന്ന കേസിൽ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഢ്, ജമ്മു കാഷ്മീർ തുടങ്ങിയ സംസ്ഥാനസർക്കാരുകളിലെ ഉന്നതർക്കുനേരേയാണ് കുറ്റപത്രത്തിൽ ആരോപണമുള്ളത്.
2021ൽ കേന്ദ്രസർക്കാർ നടത്തുന്ന സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി (എസ്ഇസിഐ) കരാറിലൊപ്പിടാൻ അദാനി ആന്ധ്ര സർക്കാരിലെ ഒരു ഉന്നതന് 1750 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കണ്ടെത്തൽ.
കൈക്കൂലി ഇടപാട് നടത്തിയ സർക്കാരിലെ ഈ ഉന്നതൻ ജഗൻ മോഹൻ റെഡ്ഢിയായിരുന്നുവെന്ന ആരോപണം ശക്തമാണ്. എസ്ഇസിഐയുമായി കരാർ ഒപ്പിടാനുള്ള ആന്ധ്ര സർക്കാരിന്റെ വിമുഖത പരിഹരിക്കാൻ 2021 ഓഗസ്റ്റിൽ അദാനി അന്നത്തെ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ജഗൻ മോഹൻ റെഡ്ഢിയെ കണ്ടെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ആരോപിക്കുന്നു.
അദാനിയുമായുള്ള ചർച്ചകൾക്കുശേഷം ആന്ധ്ര സർക്കാർ എസ്ഇസിഐയിൽനിന്ന് ഏഴു ജിഗാവാട്ട് വൈദ്യുതി വാങ്ങാമെന്ന് ധാരണയിലെത്തിയതും ജഗൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം ശക്തമാക്കുന്നു.
എന്നാൽ 2021ലെ കരാർപ്രകാരം അന്നുണ്ടായിരുന്ന ആന്ധ്ര സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ നേരിട്ടുള്ള ഇടപാടുകളൊന്നും നിലനിന്നിരുന്നില്ലെന്നാണ് വൈഎസ്ആർ കോണ്ഗ്രസ് വ്യക്തമാക്കുന്നത്.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എസ്ഇസിഐയും ആന്ധ്രയിലെ വിവിധ വൈദ്യുതി വിതരണ കന്പനികളും തമ്മിലായിരുന്നു അന്ന് ഒപ്പുവച്ച കരാറെന്ന് വൈഎസ്ആർ കോണ്ഗ്രസ് വിശദീകരിക്കുന്നു.
എന്നാൽ ഗൗതം അദാനിയും സഖ്യകക്ഷിയായ ബിജെപിയും ഉൾപ്പെടുന്ന ആരോപണമായതിനാൽ പഠിച്ചശേഷം മാത്രമേ പ്രതിയോഗിയായ ജഗൻ മോഹനെതിരേ അന്വേഷണമുള്ളൂവെന്ന നിലപാടിലാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
അമേരിക്ക സമർപ്പിച്ച കുറ്റപത്രം കൈയിലുണ്ടെന്നും മുഴുവനും പഠിച്ചശേഷം തെളിവുകളനുസരിച്ച് നടപടികളെടുക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ജഗൻ മോഹൻ റെഡ്ഢി ആന്ധ്രയെ അദാനിരാഷ്ട്രമാക്കി മാറ്റിയെന്ന് ജഗന്റെ സഹോദരിയും കോണ്ഗ്രസ് അധ്യക്ഷയുമായ വൈ.എസ്. ശർമിള ആരോപിച്ചു. ജഗൻ മോഹനും അദാനിയും തമ്മിൽ നടന്ന എല്ലാ ഇടപാടുകളിലും അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശർമിള ആവശ്യപ്പെട്ടു.
അദാനിയുമായുള്ള നിലവിലുള്ള വൈദ്യുതി കരാർ റദ്ദാക്കി അദാനിയുടെ കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തണം. അഴിമതിയാരോപണത്തിൽ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും ശർമിള ആവശ്യപ്പെട്ടു.