ഹേമ കമ്മിറ്റി കുറ്റവാളികളെ വെറുതെ വിടില്ല: സർക്കാർ
Sunday, November 17, 2024 1:53 AM IST
ന്യൂഡൽഹി: ചലച്ചിത്രമേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഹേമ കമ്മിറ്റിക്കു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഇരകൾക്കു താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്കു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണു പ്രത്യേക സംഘം രൂപീകരിച്ചത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 26 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിർദേശത്തിൽ പത്തു സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നുണ്ട്.