പോളിംഗ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥി അറസ്റ്റിൽ
Friday, November 15, 2024 2:14 AM IST
ജയ്പുർ: രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥനെ തല്ലിയ സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ. കോൺഗ്രസ് വിമത സ്ഥാനാർഥിയായ നരേഷ് മീണയാണ് അറസ്റ്റിലായത്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അമിത് ചൗധരിയെയാണ് ഇയാൾ പരസ്യമായി തല്ലിയത്. മീണയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ സർക്കാർ ജീവനക്കാർ പണിമുടക്കിയതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു.
ബുധനാഴ്ച സമ്രവ്ത ഗ്രാമത്തിലെ ദേവ്ലി-ഉനിയര നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലായിരുന്നു കൈയാങ്കളിയുണ്ടായത്. ബൂത്തിനുപുറത്ത് പ്രതിഷേധവുമായെത്തിയ മീണയുടെ അനുയായികളെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് വൻസംഘർഷമുണ്ടായി.
60 ബൈക്കുകളും പോലീസ് ജീപ്പ് ഉൾപ്പെടെ 18 നാല് ചക്രവാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സംഭവുമായി ബന്ധപ്പെട്ട് 60 പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് മീണയെ അറസ്റ്റ് ചെയ്തത്.
മീണയെ അറസ്റ്റിനു പിന്നാലെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഗ്രാമവാസികളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ചൗധരി ശ്രമിച്ചതോടെയാണു സംഘർഷമുണ്ടായത്.
വോട്ട് ചെയ്തില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഗ്രാമവാസികളെ വോട്ട് ചെയ്യിച്ചുവെന്നാണ് മീണ ആരോപിക്കുന്നത്. ബിജെപിയുടെ നിർദേശപ്രകാരമാണ് ചൗധരി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പോളിംഗ് അവസാനിച്ച് വോട്ടിംഗ് മെഷീനുകളുമായി പുറത്തുപോകാൻ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ അനുവദിച്ചില്ല. പോലീസ് ഇവരെ ബലംപ്രയോഗിച്ച് മാറ്റി.
പിന്നാലെ പോലീസിനു നേർക്ക് ജനക്കൂട്ടം കല്ലെറിഞ്ഞു. ഇതോടെ സംഘർഷം രൂക്ഷമായി. ദേവ്ലി-ഉനിയാര ഉൾപ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ മാസം 23 ന് വോട്ടെണ്ണൽ നടക്കും.