മെഡിക്കൽ പ്രിസ്ക്രിപ്ഷൻ: ഹർജി തള്ളി
Friday, November 15, 2024 2:14 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രിസ്ക്രിപ്ഷനിൽ മരുന്നിന്റെ പാർശ്വഫലങ്ങളും ഉൾപ്പെടുത്താൻ ഡോക്ടർമാർക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം ഒട്ടും പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്.
വിവിധ മരുന്നുകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ വ്യക്തമാക്കുന്നതിന് പ്രിന്റ് ചെയ്ത പ്രഫോർമകൾ മുൻകൂട്ടി തയാറാക്കാമെന്ന് ഹർജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് നിർദേശിച്ചു.
എന്നാൽ ഓരോ വ്യക്തിക്കും പാർശ്വഫലങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മരുന്നുകളുടെ പാർശ്വഫലങ്ങളാണു പല രോഗങ്ങൾക്കും കാരണമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നതായി പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. എന്നാൽ വിഷയം പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.