ഝാൻസി മെഡിക്കൽ കോളജിലെ തീപിടിത്തം: 16 കുട്ടികളുടെ നില ഗുരുതരം
Sunday, November 17, 2024 1:53 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളജിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ മരിച്ച പത്തു നവജാത ശിശുക്കളിൽ മൂന്നുപേരെ തിരിച്ചറിയാനായില്ല. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ തിരിച്ചറിയൽ നടപടികളിലേക്ക് കടക്കാനാകൂവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിരിച്ചറിഞ്ഞ ഏഴ് നവജാതശിശുക്കളുടെ മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വിവിധ ആശുപത്രികളിൽ കഴിയുന്ന 16 കുട്ടികളുടെ നില ഗുരുതരമാണ്.
മെഡിക്കൽ കോളജിലെ നവജാതശിശുക്കളെ പരിചരിച്ചിരുന്ന എന്‍ഐസിയു (നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) വിൽ വെള്ളിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്.
18 ബെഡുകളുള്ള ഇവിടെ സംഭവസമയത്ത് 49 നവജാതശിശുക്കളാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വിദഗ്ധരടങ്ങിയ നാലംഗ സമിതിയെ യോഗി സർക്കാർ നിയോഗിച്ചു.
പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമരണം ഞെട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനസന്ദേശത്തിൽ പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഉപമുഖ്യമന്ത്രിക്കു സ്വീകരണമൊരുക്കിയതിന് എതിരേ കോണ്‍ഗ്രസ്
പത്തു കുട്ടികൾ വെന്തുമരിച്ച ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിനു വിഐപി സ്വീകരണമൊരുക്കിയതിൽ കോണ്‍ഗ്രസ് പ്രതിഷേധം.
ബ്രജേഷ് കടന്നുവരുന്ന വഴിയിൽ കുമ്മായപ്പൊടി വിതറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. ശിശുക്കൾ വെന്തുമരിച്ചതിൽ അവരുടെ കുടുംബങ്ങൾ കരയുന്പോൾ മറുവശത്ത് ഉപമുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ റോഡിൽ കുമ്മായപ്പൊടി വിതറി തനിക്കു സ്വീകരണമൊരുക്കിയവർക്കെതിരേ നടപടിയെടുക്കാൻ ഉപമുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു.
കുമ്മായപ്പൊടി വിതറി സ്വീകരണമൊരുക്കിയതിനെ അപലപിക്കുന്നുവെന്ന് ബ്രജേഷ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. അതേസമയം, ഝാൻസി തീപിടിത്തത്തിൽ യുപി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.
യുപി സർക്കാർ യഥാർഥ മരണനിരക്ക് പുറത്തുവിടുന്നില്ലെന്നും അന്വേഷണറിപ്പോർട്ട് പുറത്തുവന്നതിനുശേഷം എത്ര കുട്ടികൾ മരിച്ചെന്നു വ്യക്തമാകുമെന്നും അഖിലേഷ് പറഞ്ഞു.