"സെബി'ക്കെതിരേ ആരോപണം കടുപ്പിച്ച് രാഹുൽ
Saturday, November 16, 2024 1:50 AM IST
ന്യൂഡൽഹി: സെബി മേധാവി മാധബി ബുച്ചിനെതിരേയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുച്ച് അധ്യക്ഷസ്ഥാനത്ത് തുടരുന്നിടത്തോളം കാലം സെബിയിൽ നിക്ഷിപ്ത താത്പര്യങ്ങളുമുണ്ടാകുമെന്ന് രാഹുൽ പറഞ്ഞു.
ബുച്ചിനെതിരേയുള്ള ക്രമക്കേടാരോപണം അവരുടെ നിയമവിരുദ്ധമായ ഓഹരി ഇടപാടുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പിന്തുണയോടെ രാജ്യത്തിന്റെ സാന്പത്തിക ചട്ടക്കൂടിനെ മുതലാളിത്ത ഭീമന്മാർ തകർക്കുകയാണ്. അധികാരികൾ കുത്തക ഭീമന്മാർക്കു വഴങ്ങുന്നത് ഗൗരവതരമായ വിഷയമാണെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സെബി വിഷയത്തിൽ കോണ്ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേരയുമായി ചേർന്നു തയാറാക്കിയ വീഡിയോ രാഹുൽ പങ്കുവച്ചു. സെബിയുമായി ബന്ധപ്പെട്ട കൂടുതൽ ആരോപണങ്ങൾ ഇരുവരും ഉയർത്തുന്നുണ്ട്.
അദാനിയും മോദിയും തമ്മിലുള്ള ബന്ധവും വീഡിയോയിൽ പരാമർശിക്കുന്നു. സെബി നേതൃത്വത്തിന് സംഭവിച്ചിട്ടുള്ള വീഴ്ചകൾ തുറന്നുകാണിക്കുകയാണു ലക്ഷ്യമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനും വ്യാപാരരംഗത്ത് അന്യായമായി ഇടപെടുന്ന മുതലാളിത്ത താത്പര്യങ്ങൾക്കെതിരേ സാധാരണക്കാരന്റെ ശബ്ദമാകാനും ഉദ്ദേശിച്ചാണു വീഡിയോയെന്നും രാഹുൽ വ്യക്തമാക്കി.