കള്ളപ്പണം വെളുപ്പിക്കൽ : മാർട്ടിന്റെ വീട്ടിൽ ഇഡി റെയ്ഡ്
Friday, November 15, 2024 2:14 AM IST
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. രാഷ്ട്രീയ പാർട്ടികൾക്ക് 1,300 കോടി രൂപ ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയ മാർട്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം.
മാർട്ടിനെതിരായ നടപടി തുടരാൻ മദ്രാസ് ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണു റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലും മാർട്ടിനുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടന്നതായാണു റിപ്പോർട്ട്.
മാർട്ടിന്റെ മരുമകനും വിസികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തിലെ ലോട്ടറി തട്ടിപ്പിലൂടെ സിക്കിം സർക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ കഴിഞ്ഞ വർഷം മാർട്ടിന്റെ 457 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിക്കിം ലോട്ടറിയുടെ പ്രധാന വിതരണക്കാരനായ മാർട്ടിനെതിരേ ഇഡി 2019 മുതൽ അന്വേഷണം നടത്തിവരികയാണ്.
മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് കമ്പനി 2019നും 2024നും ഇടയിൽ 1,300 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. 2012ൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.
2012 മാർച്ചിൽ മാർട്ടിന്റെ സുഹൃത്ത് നങ്കനല്ലൂർ സ്വദേശി നാഗരാജന്റെ വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത 7.25 കോടി രൂപ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ കേരളത്തിലും മഹാരാഷ്ട്രയിലും മാർട്ടിനുമായി ചേർന്ന് ലോട്ടറി വിതരണം ചെയ്തതിലൂടെ ലഭിച്ച പണമാണിതെന്നായിരുന്നു നാഗരാജൻ പോലീസിനു നൽകിയ മൊഴി.
പിന്നാലെ ഇഡി കേസ് ഏറ്റെടുക്കുകയും കഴിഞ്ഞ വർഷം മാർട്ടിന്റെ 457 കോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. എന്നാൽ, മാർട്ടിനെതിരായ കേസ് അവസാനിപ്പിക്കുന്നു എന്ന് ചെന്നൈ സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് ആലന്തൂർ വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകി.
വിചാരണക്കോടതി റിപ്പോർട്ട് അംഗീകരിച്ചെങ്കിലും കേസിലെ ഇഡി നടപടി തുടരാൻ മദ്രാസ് ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ബംഗാളിലെ ചില ലോട്ടറി ബിസിനസ് സ്ഥാപനങ്ങളിലും ഇന്നലെ പുലർച്ചെ ഇഡി റെയ്ഡ് നടത്തി.