‘പിനാക’ പരീക്ഷണം വിജയകരം
Saturday, November 16, 2024 1:50 AM IST
ന്യൂഡൽഹി: പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തീകരിച്ച് പിനാക മൾട്ടി ബാരൽ (എംബിആർഎൽ) റോക്കറ്റ് ലോഞ്ചർ സംവിധാനം.
ഒരേസമയം ഒന്നിലധികം ലക്ഷ്യത്തിലേക്ക് ഉന്നം വയ്ക്കുന്നതിലെ കൃത്യത, ഇന്ധനത്തിന്റെ ജ്വലനം, ക്ഷമത എന്നീ പരീക്ഷണങ്ങൾ നടത്തിയതായി ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. രണ്ട് ലോഞ്ചർ പ്രൊഡക്ഷൻ ഏജൻസികളിൽനിന്നായി 12 റോക്കറ്റുകൾ വീതം ഇത്തരത്തിൽ പരീക്ഷിച്ചുവെന്നും ഡിആർഡിഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 75 കിലോമീറ്ററാണ് റോക്കറ്റിന്റെ ദൂരപരിധി.
സൈന്യത്തിനു കീഴിൽ ആറെണ്ണംകൂടി സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ നാല് പിനാക റെജിമെന്റുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന പിനാക എംകെ-ഒന്നിന് 38 കിലോമീറ്ററാണു ദൂരപരിധി. ഇതു ഘട്ടംഘട്ടമായി 300 കിലോമീറ്ററാക്കുകയാണു ലക്ഷ്യമെന്ന് ഡിആർഡിഒ അധികൃതർ പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആർമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് രൂപകല്പന ചെയ്തു വികസിപ്പിച്ചെടുത്ത തികച്ചും തദ്ദേശീയമായ ആയുധ സംവിധാനമാണു പിനാക.
ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നതിനു മുന്പേ വിവിധ പരിശോധനകൾക്ക് പിനാക വിധേയമായതായി പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. സമീർ വി. കാമത്ത് പറഞ്ഞു.
നേരത്തേ, ഇന്ത്യയിൽനിന്നു പിനാക വാങ്ങാൻ അർമേനിയയുമായി കരാറായിരുന്നു. ഇതിനുപിന്നാലെ ഫ്രാൻസും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഫ്രഞ്ച് സംഘം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്.