മണിപ്പുർ കലാപം: 20 കന്പനി കേന്ദ്രസേനകൂടി
Thursday, November 14, 2024 1:57 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കലാപം വീണ്ടും രൂക്ഷമായതോടെ 20 കന്പനി കേന്ദ്രസേനാംഗങ്ങളെ കൂടി മണിപ്പുരിലേക്കയച്ചു. ഉടൻ പുറപ്പെടാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവിട്ട അർധസൈനിക വിഭാഗങ്ങളിൽ 15 കന്പനി സിആർപിഎഫും (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) അതിർത്തി രക്ഷാ സേനയുടെ അഞ്ചു കന്പനിയും (ബിഎസ്എഫ്) ആണ്.
മണിപ്പുരിൽ കഴിഞ്ഞ വർഷം മേയ് മൂന്നിന് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട ശേഷം ഇന്നലെ അയച്ച 20 കന്പനി ഉൾപ്പെടെ മൊത്തം 218 കന്പനി കേന്ദ്രസേനാംഗങ്ങളെയാണു സുരക്ഷയ്ക്കായി കേന്ദ്രം നിയോഗിച്ചത്.
ആകെ 28,00ൽ ഏറെ കേന്ദ്രസേനാംഗങ്ങളെയാണു മണിപ്പുരിലേക്കു പ്രത്യേകമായി നിയോഗിച്ചത്. സൈന്യത്തിനും ആസാം റൈഫിൾസിനും മണിപ്പുർ പോലീസിനും പുറമെയാണിത്. പ്രത്യേക വിമാനങ്ങളിലാണ് കേന്ദ്രസേനകളെ ഇന്നലെ മണിപ്പുർ തലസ്ഥാനമായി ഇംഫാലിലെത്തിച്ചത്.
പുതുതായി അയച്ച 20 കന്പനി കേന്ദ്രസേനകളുടെ നിയന്ത്രണം ഈ മാസം 30 വരെ മണിപ്പുർ സർക്കാരിനായിരിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ കേന്ദ്രസേനകളുടെ മണിപ്പുരിലെ വിന്യാസം നീട്ടുമെന്നു പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു.
ഇതേസമയം, ഏകപക്ഷീയമായി കുക്കികളെ അടിച്ചമർത്താനാണു തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുന്ന മണിപ്പുരിലെ ബിരേൻ സിംഗ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൂടുതൽ കേന്ദ്രസേനകളെ എത്തിച്ചതെന്നു കുക്കി സംഘടനകൾ ആരോപിച്ചു.
സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും പോലീസിന്റെയും ആയുധപ്പുരകൾ വരെ കൊള്ളയടിച്ച മെയ്തെയ്കളുടെ മേഖലകളിൽ ആയുധങ്ങൾക്കായെന്ന പേരിലുള്ള പരിശോധനകളോ സംയുക്ത ഓപ്പറേഷനുകളോ നടത്തുന്നില്ലെന്നും കുക്കികളുടെ മലയോര മേഖലകളിൽ സൈനിക, അർധസൈനിക, പോലീസ് സംയുക്ത തേർവാഴ്ചയാണു നടത്തുന്നതെന്നും കുക്കി നേതാക്കൾ ദീപികയോടു പറഞ്ഞു.
ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തെയ്കളും അവരുടെ സർക്കാരും ചേർന്ന് 16 ശതമാനം മാത്രമുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തുന്ന വംശീയവും വർഗീയവുമായ ആക്രമണമാണു കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്നതെന്നു കുക്കികൾ ആരോപിച്ചു. തികച്ചും ഏകപക്ഷീയമായാണു സർക്കാരും സർക്കാർ നിയന്ത്രണത്തിലുള്ള സംയുക്ത സേനയും നടത്തുന്നത്.
പതിനെട്ടു മാസമായി കലാപം നിയന്ത്രിക്കാനാകാത്ത ബിരേൻ സിംഗ് സർക്കാർ തുടരുന്നത്, രാജ്യത്തെ ഭരണഘടനയോടും നിയയവ്യവസ്ഥയോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണെന്നു കുക്കി നേതാക്കൾ പറഞ്ഞു. ഏതാണ്ടെല്ലാ മാധ്യമങ്ങളും മെയ്തെയ് അനുകൂല സർക്കാർ ഭാഷ്യം മാത്രമാണു റിപ്പോർട്ടു ചെയ്യുന്നതെന്നതും ദുഃഖകരമാണെന്നു കുക്കികൾ ചൂണ്ടിക്കാട്ടി.
അതേസമയം, അക്രമങ്ങൾ നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലുമുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മെല്ലെപ്പോക്ക് പ്രതികരണത്തിനെതിരേ മനുഷ്യാവകാശ സംഘടനകളും സ്ത്രീകൾക്കു വേണ്ടിയുള്ള പ്രാദേശിക സംഘടനകളും പ്രതിഷേധിച്ചു.
ഏകപക്ഷീയമായി നടപടികളെടുക്കുന്ന സിആർപിഎഫുകാരെ മലയോര മേഖലകളിൽ നിന്നു പിൻവലിക്കണമെന്ന കുക്കികളുടെ ആവശ്യവും സമാധാന ശ്രമങ്ങൾക്കു തടസമായിട്ടുണ്ട്.