സമാധാനത്തിന് വേണ്ടതെല്ലാം ചെയ്യാൻ സുരക്ഷാസേനകൾക്കു കേന്ദ്രനിർദേശം
Sunday, November 17, 2024 1:53 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ സുരക്ഷാസേനകൾക്കു നിർദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാസേനയോടു സഹകരിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നതായും കേന്ദ്രം അറിയിച്ചു.
ഇതിനിടെ, മണിപ്പുരിലെ സുപ്രധാന കേസുകൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് കൈമാറിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, സംയുക്ത സേനകളുടെ നിയന്ത്രണം മെയ്തെയ്കൾക്കുവേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്ന ബിരേൻ സിംഗിന്റെ ബിജെപി സർക്കാരിന് ആയതിനാൽ സമാധാനം അകലുകയാണെന്ന് കുക്കി സംഘടനകൾ കുറ്റപ്പെടുത്തി. കരസേന, ആസാം റൈഫിൾസ്, സിആർപിഎഫ്, ബിഎസ്എഫ്, പ്രത്യേക കമാൻഡോകൾ, പോലീസ് എന്നീ സേനകൾ സംയുക്തമായാണു മണിപ്പുരിൽ സുരക്ഷ കൈകാര്യം ചെയ്യുന്നത്.
സായുധസേനകൾക്ക് പ്രത്യേകാധികാരം നൽകുന്ന 1958-ലെ അഫ്സ്പ (ആംഡ് പോലീസ് സ്പെഷൽ പവേഴ്സ് ആക്ട്) ആറു പോലീസ് സ്റ്റേഷൻ പരിധികളിൽ പുനഃസ്ഥാപിച്ചതും കുക്കികളെ രോഷാകുലരാക്കിയിട്ടുണ്ട്. സമാധാനത്തിനു പകരം, സായുധസേനകളെ ഉപയോഗിച്ച് കുക്കി കലാപകാരികളെ അടിച്ചമർത്താനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമമെന്ന് കുക്കികൾ കുറ്റപ്പെടുത്തി.