നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ: പത്തു കോടി വേണമെന്നു ധനുഷ്
Sunday, November 17, 2024 1:52 AM IST
ചെന്നൈ: തെന്നിന്ത്യൻ താരസുന്ദരി നയൻ താരയുടെ വിവാഹ വീഡിയോയിൽ തന്റെ ചിത്രത്തിലെ ബിടിഎസ് ദശ്യങ്ങൾ ഉപയോഗിച്ചതിന് പത്തുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സൂപ്പർ താരം ധനുഷ് നോട്ടീസ് അയച്ചത് തമിഴ്സിനിമയിൽ ചൂടേറിയ ചർച്ചയാകുന്നു.
നെറ്റ്ഫ്ളിക്സിലൂടെ പ്രദർശിക്കാൻ ലക്ഷ്യമിട്ടുള്ള നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ വിവാഹ ഡോക്കുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിൽനിന്നുള്ള ദൃശ്യം ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്നാണ് ധനുഷിന്റെ വാദം. മൂന്നു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള രംഗമാണ് വീഡിയോയിൽ ഉള്ളത്.
നയന്‍താര നായികാവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന സിനിമ സംവിധാനം ചെയ്തതു വിഘ്നേഷ് ശിവനാണ്. ചിത്രത്തിന്റെ നിർമാതാവാണ് ധനുഷ്. ഈ സിനിമയുടെ ചിത്രീകരണവേളയിലാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നതും പിന്നീട് ബന്ധം വിവാഹത്തിൽ എത്തുന്നതും.
പാട്ടുകള്‍ ചേർക്കാൻ നേരത്തേ അനുവാദം ചോദിച്ചിരുന്നുവെന്നാണ് നയൻതാര പറയുന്നത്. എന്നാൽ മറുപടി ലഭിച്ചില്ല. തുടർന്ന് ട്രയിലർ പുറത്തിറങ്ങിയതോടെയാണ് ധനുഷ് നോട്ടീസ് അയച്ചത്.
ഏറ്റവുമൊടുവിൽ സമൂഹമാധ്യമത്തിൽ ധനുഷിനെതിരേ പരസ്യപ്രതികരണം നടത്തിയിരിക്കുകയാണ് നയൻ താര. ധനുഷിന്റെ പകപോക്കലാണ് നോട്ടീസിനു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളതെന്നും നയന്‍താര കുറ്റപ്പെടുത്തി. പകര്‍പ്പാവകാശ പ്രശ്നമല്ലെന്നും പ്രശ്നം പകപോക്കലാണെന്നുമാണ് നടിയുടെ വാദം.