മണിപ്പുരിൽ തട്ടിക്കൊണ്ടുപോയ ആറു പേർക്കായി തെരച്ചിൽ ഊർജിതം
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ജിരിബാമിലുള്ള അഭയാർഥി ക്യാന്പിൽനിന്നു തട്ടിക്കൊണ്ടുപോയ എട്ടു പേരിൽ ഇനിയും വിവരമൊന്നും ലഭ്യമല്ലാത്ത ആറു മെയ്തെയ്കളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ തെരച്ചിലും സമവായ ചർച്ചകളും ശക്തമാക്കി.
ക്യാന്പിൽനിന്നു കാണാതായവരിൽ മൂന്നു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. ജിരിബാമിലെ ദുരിതാശ്വാസ ക്യാന്പിൽനിന്നു കുക്കികൾ തട്ടിക്കൊണ്ടുപോയ മെയ്തെയ്കളായ രണ്ടു പുരുഷന്മാരെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തി. ഇവരോടൊപ്പം കാണാതായ മറ്റു രണ്ടു പേരെ കുക്കികൾ വിട്ടയയ്ക്കുകയോ സ്വയം രക്ഷപ്പെടുകയോ ചെയ്തു.
കാണാതായ മൂന്നു കുട്ടികളെയും മൂന്നു സ്ത്രീകളെയും മോചിപ്പിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നു മണിപ്പുർ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംയുക്തസേനാ തെരച്ചിലും ഊർജിതമാക്കി. ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ മുന്പും നടന്നിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി മടങ്ങിയെത്തിയിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.
കഴിഞ്ഞ ഏഴിന് സിആർപിഎഫുകാരുമായുള്ള ഏറ്റുമുട്ടലിൽ കുക്കികളുടെ അവാന്തര വംശമായ ഹമാർ ഗോത്രക്കാരായ 11 പേരെ വെടിവച്ചു കൊന്നതിന്റെ പിറ്റേന്നാണ് ജിരിബാമിലെ ക്യാന്പിൽനിന്ന് എട്ടു പേരെ തട്ടിക്കൊണ്ടുപോയത്. വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ സിആർപിഎഫിലെ സഞ്ജീവ് കുമാർ ആസാമിലെ സിൽച്ചാൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സെയ്രാവൻ ഗ്രാമത്തിൽ മൂന്നു കുട്ടികളുടെ അമ്മയായ സൊസാംഗ്കിം ഹമാർ എന്ന സ്കൂൾ അധ്യാപികയെ മെയ്തെയ് തീവ്രവാദികളെന്നു സംശയിക്കുന്ന സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഹമാർ സംഘം സിആർപിഎഫുകാരെ ആക്രമിച്ചതെന്നു പറയുന്നു.
സ്ത്രീയുടെ കൊലപാതകികളായ അരംബായി തെങ്കോൾ അടക്കമുള്ള മെയ്തെയ് തീവ്രവാദി ഗ്രൂപ്പുകളിലെ അക്രമികൾ സിആർപിഎഫുകാരുടെ സംരക്ഷണയിൽ ജിരിബാമിലെ ബോറോബെക്ര പോലീസ് സ്റ്റേഷനിൽ ഒളിവിൽ കഴിയുന്നതായുള്ള വിവരത്തെ തുടർന്നാണ്, ഗ്രാമസംരക്ഷ സേനക്കാരായ ഹമാർ സംഘം പോലീസ് സ്റ്റേഷനിലെത്തിയതെന്നു കുക്കി ഇൻപി സംഘടന പറയുന്നു.
അക്രമികളെ വിട്ടുകൊടുക്കണമെന്ന ആവശ്യത്തിനു പോലീസും സിആർപിഎഫും വഴങ്ങാതിരുന്നതിനെത്തുടർന്ന് ഹമാർ സായുധ ഗ്രൂപ്പുകാർ പോലീസ് സ്റ്റേഷൻ അക്രമിച്ചു.
തുടർന്നുണ്ടായ വെടിവയ്പിൽ 11 ഹമാറുകാരെ സിആർപിഎഫുകാർ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് കുക്കികൾ അവകാശപ്പെട്ടു. ജിരിബാമിലെ ജകുരദോർ ജില്ലയിലെ സിആർപിഎഫ് ക്യാന്പിനു നേരേയും വെടിവയ്പുണ്ടായി. ഗോത്രവർഗക്കാരായ 11 പേരെ വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കുക്കി സോ മേഖലകളിലാകെ 12 മണിക്കൂർ ബന്ദ് നടത്തിയിരുന്നു.
സ്കൂൾ അധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായ ഹമാർ ഗോത്രവർഗക്കാരിയെ ചുട്ടുകൊന്നതിനു പുറമേ 17 വീടുകൾ മെയ്തെയ്കൾ കത്തിച്ചുവെന്നു കുക്കികൾ അറിയിച്ചു. സംഭവത്തിന്റെ പിറ്റേന്നുതന്നെ ബിഷ്ണുപുർ ജില്ലയിൽ ഒരു മെയ്തെയ് വനിതയെ കുക്കികൾ വെടിവച്ചു കൊന്നിരുന്നു.
പാടത്തു കൃഷിജോലിക്കിടെയാണു സ്ത്രീക്കു വെടിയേറ്റത്. ഇംഫാൽ താഴ്വരയിലെ മറ്റു ചിലയിടങ്ങളിൽ പിന്നീടും വെടിവയ്പും അക്രമങ്ങളുമുണ്ടായി. ജിരിബാമിലെ മെയ്തെയ്കളുടെ നിരവധി വീടുകൾ ഹമാർ അക്രമികൾ കത്തിച്ചുവെന്ന് പോലീസ് അറിയിച്ചു.
നെൽകൃഷിയുടെ കൊയ്ത്തുകാലത്ത് വീണ്ടും അക്രമങ്ങളുണ്ടായത് മണിപ്പുരിലെ ജനങ്ങളെയാകെ ഭയത്തിലും ആശങ്കയിലുമാക്കിയിട്ടുണ്ട്.