ചണ്ഡിഗഡ് പഞ്ചാബിന്റേത്; ഒരിഞ്ച് ഭൂമി പോലും ഹരിയാനയ്ക്കു നൽകില്ല: എഎപി
Saturday, November 16, 2024 1:51 AM IST
ചണ്ഡിഗഡ്: ചണ്ഡിഗഡ് പഞ്ചാബിന്റേതാണെന്നും നിയമസഭാ മന്ദിരം നിർമിക്കാൻ ചണ്ഡിഗഡിൽ ഒരിഞ്ചു പോലും ഹരിയാനയ്ക്ക് നല്‍കില്ലെന്നും എഎപി. ഗവർണർ ഗുലാബ് ചന്ദ് കഠാരിയ സന്ദർശിച്ച നിവേദനം നല്കിയ എഎപി നേതാക്കളുടെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിയാനയ്ക്കു നിയമസഭാ മന്ദിരം നിർമിക്കാൻ ചണ്ഡിഗഡിൽ 10 ഏക്കർ ഭൂമി നല്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയതായി റിപ്പോർട്ടുണ്ട്. പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമാണ് ചണ്ഡിഗഡ്.
പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമയുടെ നേതൃത്വത്തിലുള്ള എഎപി സംഘമാണ് ഗവർണറെ കണ്ട് നിവേദനം നല്‍കിയത്. "ചണ്ഡിഗഡ് പഞ്ചാബിൻേതാണ്. പഞ്ചാബിന്റെ തലസ്ഥാനമാണിത്. ചണ്ഡിഗഡിൽ നിയമസഭാ മന്ദിരം പണിയാൻ ഹരിയാനയ്ക്ക് അവകാശമില്ല’-ചീമ പറഞ്ഞു. കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിന്റെ അഡ്മിനിസ്ട്രേറ്റർകൂടിയാണ് ഗവർണർ കഠാരിയ. 1966ൽ പഞ്ചാബ് വിഭജിച്ചാണ് ഹരിയാന രൂപവത്കരിച്ചത്.
വിഷയത്തിൽ എഎപി നിലപാടിനെതിരേ ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി രംഗത്തെത്തി. "എഎപി വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്. പഞ്ചാബിന്റെയും ഹരിയാനയുടെയും ഭാഗമാണ്ചണ്ഡിഗഡ്. ഞങ്ങൾക്കും ചണ്ഡിഗഡിൽ അവകാശമുണ്ട്’-സെയ്നി പറഞ്ഞു.