ഡൽഹിയിൽ കനത്ത പുകമഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: ശൈത്യകാലത്തെ കൊടുംതണുപ്പിനൊപ്പം കനത്ത പുകമഞ്ഞും അന്തരീക്ഷത്തെ ആവരണം ചെയ്തതോടെ ഡൽഹി നിവാസികളുടെ ജീവിതം പ്രതിസന്ധിയിൽ. ഡൽഹിയെയും പരിസര പ്രദേശങ്ങളെയും പുകമഞ്ഞ് മറച്ചതോടെ പത്തു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ സീറോ മീറ്റർ വിസിബിലിറ്റി രേഖപ്പെടുത്തിയതിനെത്തുടർന്നു റണ്‍വേയിൽ വിമാനം ലാൻഡ് ചെയ്യാൻ കഴിയാതെ വിമാനങ്ങൾ വഴി തിരിച്ചു വിടുകയായിരുന്നു.
ഡൽഹിയിൽ വായുവിലവാര സൂചിക 429ലേക്ക് ഉയർന്നു ഈ ശൈത്യകാലത്തിലാദ്യമായി ‘രൂക്ഷമായ’ നിലയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം വായുനിലവാരസൂചിക ‘വളരെ മോശം’ വിഭാഗത്തിൽ 334 ആയിരുന്നെങ്കിലും 24 മണിക്കൂറിനിടെ വളരെ പെട്ടെന്നു രൂക്ഷമാകുകയായിരുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30ലും വായുനിലവാരം ’രൂക്ഷമായ’ വിഭാഗത്തിലായിരുന്നു. ജനങ്ങളിൽ പലർക്കും കണ്ണെരിച്ചിലും ശ്വാസതടസവും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
അപകടകരമായ രീതിയിൽ വായുമലിനീകരണം വർധിച്ചതിനെത്തുടർന്ന് അഞ്ചു വരെയുള്ള ക്ലാസുകൾ അടിയന്തരമായി അടച്ചിടണമെന്നു ബിജെപി ആവശ്യപ്പെട്ടു.