കാണാതായവർക്കായി ഊർജിത തെരച്ചിൽ; മണിപ്പുരിൽ പ്രതിഷേധം തുടരുന്നു
Saturday, November 16, 2024 1:50 AM IST
ഇംഫാൽ: മണിപ്പുരിലെ ജിരിബാമിൽ അഭയാർഥി ക്യാന്പിൽ നിന്നു കുക്കികൾ തട്ടിക്കൊണ്ടുപോയ ആറു മെയ്തെയ് വിഭാഗക്കാർക്കായി തിരച്ചിൽ പോലീസ് ഊർജിതമാക്കി.
അന്വേഷണത്തിന്റെ മേൽനോട്ടത്തിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ജിരിബാമിലേക്ക് അയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. മൂന്ന് കുട്ടികളെയും മൂന്നു സ്ത്രീകളെയുമാണ് കാണാതായത്.
കഴിഞ്ഞ തിങ്കളാഴ്ച സുരക്ഷാസേനയും കുക്കികളും തമ്മിൽ ബോറോബെക്രയിൽ നടന്ന ഏറ്റുമുട്ടലിനു പിന്നാലെയാണ് മൂന്നു കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ആറു പേരെ കാണാതായത്. മെയ്തെയ് വിഭാഗക്കാരാണിവർ. ബോറെബെക്ര ഏറ്റുമുട്ടലിൽ 11 കുക്കികൾ സിആർപിഎഫിന്റെ വെടിയേറ്റു മരിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവരെ അടിയന്തരമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിരിബാമിലും ഇംഫാലിലും പ്രതിഷേധം ശക്തമാണ്. അതേസമയം, കൊല്ലപ്പെട്ട കുക്കികൾക്കു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുർ ഉൾപ്പെടെ ജില്ലകളിലും പ്രതിഷേധം ശക്തമാണ്.
മനുഷ്യാവകാശങ്ങൾക്കായുള്ള കുക്കി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ചുരാചന്ദ്പുരിലെ റാലി. സിആർപിഎഫിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്.
സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് റാലിയെ അഭിസംബോധന ചെയ്ത കുക്കി സ്റ്റുഡന്റ് ഓർഗനൈസേഷൻ (കെഎസ്ഒ) വൈസ് പ്രസിഡന്റ് മിൻലാൽ ഗാന്റേ ആവശ്യപ്പെട്ടു.
തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനങ്ങളും കൈമാറി. കാങ്പോക്പി, തെങ്നോപാൽ ജില്ലകളിലും സമാനമായ പ്രതിഷേധം നടന്നു.