വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയതുപോലെ: പ്രിയങ്ക
Friday, November 15, 2024 2:14 AM IST
ന്യൂഡൽഹി: വായു ഗുണനിലവാര സൂചിക (എക്യുഐ) 35 മാത്രമുള്ള, മനോഹരമായ അന്തരീക്ഷമടങ്ങിയ വയനാട്ടിൽനിന്ന് ഡൽഹിയിലേക്കു മടങ്ങിയെത്തുന്നത് ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതുപോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രിയങ്ക ഗാന്ധി.
ഡൽഹിയെ ആവരണം ചെയ്തിരിക്കുന്ന കനത്ത പുകമഞ്ഞ് ആകാശത്തുനിന്നു കാണുന്പോൾ കൂടുതൽ ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഡൽഹിയിലെ എക്യുഐ തുടർച്ചയായി രണ്ടാം ദിവസവും "രൂക്ഷമായ' നിലയിൽ തുടരുന്നതിനിടെയാണു പ്രിയങ്കയുടെ പ്രതികരണം. രാജ്യതലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെയും 400നു മുകളിലാണ് എക്യുഐ രേഖപ്പെടുത്തിയത്. ചുമയും ശ്വാസതടസങ്ങളുമായി ആശുപത്രികളിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.