ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മിഥുൻ ചക്രവർത്തിക്ക്
Tuesday, October 1, 2024 4:19 AM IST
ന്യൂഡൽഹി: സിനിമാ മേഖലയിലെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്.
2022ലെ പുരസ്കാരമാണു വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിലെ സമഗ്രസംഭാവനകളാണു പശ്ചിമ ബംഗാൾ സ്വദേശിയായ മിഥുൻ ചക്രവർത്തിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഈ മാസം എട്ടിന് 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
1976ൽ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയായ "മൃഗയ’യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മിഥുൻ 1982ൽ പുറത്തിറങ്ങിയ "ഡിസ്കോ ഡാൻസറി' ലൂടെയാണ് ജനപ്രിയതാരമായി ഉയർന്നത്.
നീണ്ട സിനിമാജീവിതത്തിനിടെ രാഷ്ട്രീയത്തിലും മിഥുൻ തിളങ്ങിയിട്ടുണ്ട്. തൃണമൂൽ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന മിഥുൻ 2021ൽ ബിജെപിയുടെ പാളയത്തിലെത്തിയിരുന്നു. മൂന്നു തവണ ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയിട്ടുള്ള മിഥുൻ ഈ വർഷമാദ്യം പദ്മഭൂഷണ്‍ പുരസ്കാരവും നേടിയിരുന്നു.
പ്രധാനമന്തി നരേന്ദ്ര മോദിയടക്കമുള്ളവർ മിഥുനെ അഭിനന്ദിച്ചു. പല തലമുറകൾ ആരാധിക്കുന്ന ബഹുമുഖ പ്രതിഭയാണു മിഥുൻ ചക്രവർത്തിയെന്ന് മോദി എക്സിൽ കുറിച്ചു.