കൂറുമാറിയ എംഎൽഎമാരുടെ അയോഗ്യത: നിയമപോരാട്ടത്തിന് ഗോവ കോൺഗ്രസ്
Sunday, November 3, 2024 2:53 AM IST
പനാജി: ബിജെപിയിലേക്കു കാലുമാറിയ എട്ട് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം നിരാകരിച്ച ഗോവ ഗവർണറുടെ നടപടിയെ ഹൈക്കോടതിയിൽ ചോദ്യംചെയ്യുമെന്നു കോൺഗ്രസ്.
2022ലാണ് ഗോവ മുൻമുഖ്യമന്ത്രി ദിഗംബർ കാമത്ത് ഉൾപ്പെടെ എട്ട് എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്നത്. ഇതിനെതിരേ സംസ്ഥാന കോൺഗ്രസ് മുൻ അധ്യക്ഷൻ ഗിരീഷ് ചോദങ്കർ നൽകിയ അപേക്ഷ വെള്ളിയാഴ്ചയാണു സ്പീക്കർ നിരാകരിച്ചത്.
സ്പീക്കറുടെ തീരുമാനം തീർത്തും സാങ്കേതികം മാത്രമാണെന്നും ഹൈക്കോടതിയെ സമീപിക്കാൻ ഇത് അനിവാര്യമാണെന്നും ഗിരീഷ് ചോദങ്കർ പ്രതികരിച്ചു. തീരുമാനത്തിനെതിരേ ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചിനെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
2022 സെപ്റ്റംബർ 14നാണ് ഗോവയിലെ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. ഇതോടെ 40 അംഗ സഭയിൽ ബിജെപിയുടെ അംഗബലം 28 ആയി. ദിഗംബർ കാമത്തിനൊപ്പം രുഖമേ അലക്സോ സെക്വീര, സങ്കൽപ് അമോങ്കർ, മൈക്കൽ ലോബോ, ഡെലീല ലോബോ, കേദാർ നായിക്, റുഡോൾഫ് ഫെർണാണ്ടസ്, രാജേഷ് ഫല്ദേശായി എന്നിവരാണു ബിജെപിക്കൊപ്പം പോയത്.