മുരളി ചീരോത്തിന് രാജാ രവി വർമ്മ സമ്മാൻ
Sunday, November 3, 2024 2:53 AM IST
ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ ‘രാജാ രവിവർമ്മ സമ്മാൻ’ കേരള ലളിതകലാ അക്കാദമി ചെയർമാനും പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം എട്ടുപേർക്ക് സമ്മാനിക്കും.
ജതിൻ ദാസ്, ജി.ആർ. ഇറണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയ് പ്രകാശ് എന്നിവരാണ് ഈ പുരസ്കാരം നേടിയ മറ്റു കലാകാരന്മാർ. സമകാലീന ഇന്ത്യൻ ദൃശ്യകലയ്ക്കു നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.
ന്യൂഡൽഹി ലോധി റോഡിലുള്ള ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെയിൻ ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മേഘ് മണ്ഡൽ സൻസ്ഥാൻ സെക്രട്ടറി വിംലേഷ് ബ്രിജ്വാൾ പറഞ്ഞു.
കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ജി.സി. മുർമു ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. നടനും എഴുത്തുകാരനും സംവിധായകനുമായ മകരന്ദ് ദേശ്പാണ്ഡെ, കിളിമാനൂർ കൊട്ടാരത്തിലെ രാമവർമ്മ തന്പുരാൻ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.