അമിത് ഷായ്ക്കെതിരായ ആരോപണം ; കാനഡയെ ഇന്ത്യ പ്രതിഷേധമറിയിച്ചു
Sunday, November 3, 2024 2:53 AM IST
സീനോ സാജു
ന്യൂഡൽഹി: സിക്ക് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനെതിരേ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിക്കുന്ന കുറിപ്പ് കൈമാറി.
കനേഡിയൻ വിദേശകാര്യ ഉപമന്ത്രി ഡേവിഡ് മോറിസണ്‍ അമിത് ഷായ്ക്കെതിരേ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ കടുത്ത പ്രതിഷേധം കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു.
2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പാർലമെന്റിന്റെ പബ്ലിക് സേഫ്റ്റി ആൻഡ് നാഷണൽ കമ്മിറ്റി യോഗത്തിൽ നിജ്ജാർ വധത്തിൽ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ മന്ത്രി പരാമർശം നടത്തിയത് അമേരിക്കയിലെ “വാഷിംഗ്ടണ്‍ പോസ്റ്റ്’’ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
പരാമർശത്തിനു പിന്നാലെ കാനഡയുടെ ആരോപണങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കനേഡിയൻ നയതന്ത്ര പ്രതിനിധി ജ്യോഫ്രേ ഡീനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചത്.
സൈബര്‍ സുരക്ഷയിലും ഇന്ത്യക്കെതിരേ കാനഡ
ന്യൂഡല്‍ഹി: നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്കു പിന്നാലെ സൈബര്‍ സുരക്ഷ സംബന്ധിച്ചും ഇന്ത്യക്കെതിരേ കാനഡയുടെ നീക്കം.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പട്ടികയില്‍ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ജസ്റ്റിന് ട്രൂഡോ സര്‍ക്കാര്‍. ഇന്ത്യയെ "സൈബര്‍ എതിരാളി’എന്നു മുദ്രകുത്താനാണു ശ്രമം.
കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യാവിരുദ്ധ നിലപാട്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ രാജ്യങ്ങളും ഈ വിഭാഗത്തിലാണ്. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റുകൾക്കുനേരേ ഇന്ത്യ സൈബർ ആക്രമണം നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.