ദുബായ്-ഡൽഹി വിമാനത്തിൽ വെടിയുണ്ട
Sunday, November 3, 2024 2:53 AM IST
ന്യൂഡൽഹി: ദുബായിൽനിന്നു ഡൽഹിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽനിന്ന് വെടിയുണ്ട കണ്ടെത്തി. കഴിഞ്ഞ 27ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യയുടെ എഐ916 വിമാനത്തിലാണ് വെടിയുണ്ടയുടെ അമ്മ്യൂണിഷൻ കാട്രിഡ്ജ് കണ്ടെത്തിയത്.
യാത്രക്കാരെല്ലാം വിമാനത്തിൽനിന്ന് പുറത്തു കടന്നശേഷം നടത്തിയ ശുചീകരണത്തിനിടെ ഒരു സീറ്റിന്റെ പോക്കറ്റിൽനിന്നാണ് വെടിയുണ്ട കണ്ടെത്തിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
രാജ്യത്ത് വിമാന സർവീസുകൾക്കു നേരേ വ്യാജ ബോംബ് ഭീഷണിയുണ്ടാകുന്നത് തുടർക്കഥയാകുന്പോഴാണ് കനത്ത സുരക്ഷാവീഴ്ചയുടെ തെളിവായി വെടിയുണ്ട കണ്ടെത്തിയ വാർത്ത. വെടിയുണ്ട കണ്ടെത്തിയ ഉടൻതന്നെ പ്രോട്ടോകോളുകൾ പാലിച്ച് എയർപോർട്ട് പോലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
അന്നേദിവസം വിമാനത്തിൽ യാത്ര ചെയ്തവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.