അമേരിക്കൻ ഉപരോധം : നിയമം ലംഘിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
Sunday, November 3, 2024 2:53 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ സഹായിച്ചതിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇന്ത്യയിൽനിന്നുള്ള 19 സ്വകാര്യ സ്ഥാപനങ്ങളും രണ്ട് ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു.
എങ്കിലും ബാധകമായ കയറ്റുമതി നിയന്ത്രണ വ്യവസ്ഥകളെക്കുറിച്ച് കന്പനികളെ ബോധവത്കരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുമായും ഏജൻസികളുമായും ചേർന്നു പ്രവർത്തിക്കുമെന്ന് ജയ്സ്വാൾ പറഞ്ഞു. റഷ്യയുടെ യുദ്ധശ്രമങ്ങളെ സഹായിച്ചതിന് ഇന്ത്യൻ കന്പനികൾ അടക്കം വിവിധ രാജ്യങ്ങളിലെ 400 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അമേരിക്ക ഉപരോധം പ്രഖ്യാപിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് ഇന്ത്യയുടെ പ്രതികരണം.
തന്ത്രപരമായ വ്യാപാരത്തിലും വ്യാപനരഹിത നിയന്ത്രണങ്ങളിലും ഇന്ത്യക്ക് നിയമപരവും നിയന്ത്രണപരവും ശക്തവുമായ ചട്ടക്കൂടുണ്ട്. വാസ്നാർ അറേഞ്ച്മെന്റ്, ഓസ്ട്രേലിയ ഗ്രൂപ്പ് (എജി), മിസൈൽ ടെക്നോളജി കണ്ട്രോൾ റെജിം (എംടിസിആർ) എന്നീ മൂന്നു പ്രധാന ബഹുമുഖ നോണ്‍-പ്രൊലിഫെറേഷൻ കയറ്റുമതി നിയന്ത്രണ സംവിധാനങ്ങളിലും ഇന്ത്യ അംഗമാണ്.
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രസക്തമായ ഉപരോധങ്ങളും ആണവ നിരായുധീകരണത്തിനായുള്ള പ്രമേയവും ഇന്ത്യ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
ഉപരോധ പട്ടികയിലുള്ള ഇന്ത്യൻ കന്പനികൾ രാജ്യത്തെ നിയമങ്ങൾ ലംഘിട്ടില്ലെന്നാണു ധാരണ. എങ്കിലും, ഇന്ത്യയുടെ സ്ഥാപിതമായ ആണവ നിരായുധീകരണ നടപടികൾക്കനുസൃതമായി, ബാധകമായ കയറ്റുമതി നിയന്ത്രണ വ്യവസ്ഥകളിൽ ഇന്ത്യൻ കന്പനികളെ ബോധവത്കരിക്കും.
ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യൻ കന്പനികളെ സ്വാധീനിച്ചേക്കാവുന്ന പുതിയ നടപടികളെക്കുറിച്ച് അവരെ അറിയിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ ഇന്ത്യൻ വകുപ്പുകളുമായും ഏജൻസികളുമായും ചേർന്നു സർക്കാർ പ്രവർത്തിക്കും.
സിക്ക് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വധിക്കാനുള്ള പരാജയപ്പെട്ട ഗൂഢാലോചനയിൽ ഇന്ത്യൻ ഉദ്യോഗസ്ഥനായ വികാഷ് യാദവിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണത്തിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പ്രതിസന്ധിയിലായതിനു പിന്നാലെയാണ് ഇന്ത്യൻ കന്പനികളെക്കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്.
സിക്ക് തീവ്രവാദി പന്നൂന്റെ വധശ്രമക്കേസിൽ അർഥവത്തായ ഉത്തരവാദിത്വം ഉണ്ടാകേണ്ടതുണ്ടെന്ന് അമേരിക്ക ആവർത്തിച്ചു. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയ കാനഡയുടെ ആരോപണങ്ങൾക്ക് അമേരിക്ക പിന്തുണ നൽകിയതും ഇന്ത്യക്കു തിരിച്ചടിയായിരുന്നു.