കാഷ്മീരിൽ ഏറ്റുമുട്ടൽ; കൊടുംഭീകരനെ വധിച്ചു
Sunday, November 3, 2024 2:53 AM IST
ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഖാൻയറിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ പാക് സ്വദേശിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. നാല് സുരക്ഷാ സേനാംഗങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷാസേന നടത്തിയ പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഒളിവിൽ തുടരുകയായിരുന്ന ഭീകരർ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണു ഭീകരനെ വകവരുത്തിയത്.
കാഷ്മീരിൽ വർഷങ്ങളായി വിധ്വംസക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവന്ന ഉസ്മാനാണ് ഇൻസ്പെക്ടർ മസ്റൂർ വാനിയുടെ കൊലപാതകം ഉൾപ്പെടെ ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ ഈദ്ഗാഹ് മൈതാനിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വാനി വെടിയേറ്റു മരിച്ചത്.
പാക്കിസ്ഥാനിലുള്ള കൊടുംഭീകരനും ലഷ്കറിന്റെ അനുബന്ധ സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) കമാൻഡറുമായ സജാദ് ഗുല്ലിന്റെ ഉറ്റ അനുയായികൂടിയാണ് ഇയാൾ.
പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാന്മാരെയും രണ്ട് പോലീസുകാരെയും ആർമിയുടെ 92-ാം ബേസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.