തെരഞ്ഞെടുപ്പുകാലത്തെ പാഴ്വാഗ്ദാനം: തിരിച്ചടിച്ച് ഖാർഗെ
Sunday, November 3, 2024 2:53 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്തെ “മോദിയുടെ ഉറപ്പ്’’ 140 കോടി ജനങ്ങളുടെമേലുള്ള ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാലിക്കാൻ കഴിയാത്ത കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെച്ചൊല്ലിയുള്ള ബിജെപിയുടെ വിമർശനത്തിനാണു ഖാർഗെയുടെ തിരിച്ചടി.
മോദിയുടെ നൂറുദിന പദ്ധതി നിലവാരമില്ലാത്ത പിആർ സ്റ്റണ്ടായിരുന്നുവെന്നും ഒരു വർഷം ഉറപ്പുനൽകിയിരുന്ന രണ്ടു കോടി തൊഴിലുകൾ എവിടെയെന്നും ഖാർഗെ ചോദിച്ചു. നുണ, വഞ്ചന, വ്യാജം, കൊള്ള, കുപ്രചാരണം എന്നീ അഞ്ചു വിശേഷണങ്ങളാണ് കേന്ദ്രസർക്കാരിനെ വിവരിക്കാൻ ഏറ്റവും പറ്റിയ വാക്കുകളെന്നും ഖാർഗെ പറഞ്ഞു.
പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങൾക്കു ഖാർഗെ നൽകിയ നിർദേശമാണ് രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്കു തുടക്കമിട്ടത്.
പാഴ്വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണെന്നും എന്നാൽ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാണെന്നും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനാണ് ഖാർഗെയുടെ മറുപടി.
2047ലേക്കുള്ള വികസനയാത്രയ്ക്കായി 20 ലക്ഷം ജനങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിച്ചുവെന്ന് മോദി ഈ വർഷം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യം വിവരാവകാശ നിയമപ്രകാരം അന്വേഷിക്കുന്പോൾ കള്ളമാണെന്നു തെളിയുമെന്ന് ഖാർഗെ പറഞ്ഞു.