മേനക ഗാന്ധിക്കും കർദിനാൾ ക്ലീമിസിനും എംഎസ്എഫ് പുരസ്കാരം
Sunday, November 3, 2024 2:53 AM IST
ന്യൂഡൽഹി: സാമൂഹിക പ്രവർത്തനത്തിലെ ദേശീയ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ (എംഎസ്എഫ്) പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിയും സീറോമലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അർഹരായി.
മൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൽ ദേശീയതലത്തിൽ ബോധവത്കരണം സൃഷ്ടിച്ചതിലൂടെയാണ് മേനക ഗാന്ധി പുരസ്കാരത്തിന് അർഹയായത്. രാജ്യത്തുടനീളമുള്ള നിർധന കുടുംബങ്ങൾക്ക് വിവിധ സാമൂഹിക സംഘടനകളിലൂടെ ജീവകാരുണ്യപ്രവർത്തനം നടത്തിയതു പരിഗണിച്ചാണ് കർദിനാൾ ക്ലീമിസിനു പുരസ്കാരം.
ഒരു ലക്ഷം രൂപയും മെമന്റോയുമാണ് പുരസ്കാരം. ഈ മാസം 28ന് വൈകുന്നേരം അഞ്ചിന് ന്യൂഡൽഹി സൻസദ് മാർഗിലെ എൻഡിഎംസി കണ്വൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ആറു വിഭാഗങ്ങളിൽ ദേശീയതലത്തിൽ മികവ് കാട്ടിയ പത്തു പേർക്കാണ് ഈ വർഷത്തെ എംഎസ്എഫ് പുരസ്കാരം നൽകുന്നതെന്ന് എംഎസ്എഫ് ചെയർമാൻ ആർ. ബാലശങ്കർ അറിയിച്ചു.