നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു
Saturday, June 29, 2024 1:34 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു. നീറ്റ് ക്രമക്കേടുകളെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന്മേൽ ചർച്ച ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തത് വിവാദവുമായി.
ലോക്സഭയിൽ അടിയന്തര പ്രമേയത്തിനും രാജ്യസഭയിൽ ചട്ടം 267 അനുസരിച്ചുള്ള ചർച്ചയ്ക്കും സഭാധ്യക്ഷന്മാർ അനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു ഇന്ത്യ സഖ്യം എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
ലോക്സഭാ നടപടികൾ ഏതാണ്ട് പൂർണമായി സ്തംഭിച്ചപ്പോൾ, ബഹളത്തിനിടയിൽ കോണ്ഗ്രസ് എംപി ഫൂലോ ദേവി നേതം ബോധംകെട്ടുവീണു. ഇതേത്തുടർന്ന് സഭ നിർത്തിവയ്ക്കാതിരുന്ന രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭ വിട്ടു പുറത്തുപോയി. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫൂലോ ദേവിയെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ സന്ദർശിച്ചു.ആശുപത്രിയിലുള്ള എംപിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ധൻകർ പിന്നീട് അറിയിച്ചു.
ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെ സമ്മേളിച്ചപ്പോൾതന്നെ നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബഹളത്തെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ലോക്സഭാ സ്പീക്കർ ഓം ബിർല അനുമതി നിഷേധിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
നന്ദിപ്രമേയ ചർച്ചയ്ക്കിടയിൽ നീറ്റ് പ്രശ്നവും ചർച്ച ചെയ്യാമെന്ന സ്പീക്കറുടെയും പാർലമെന്ററികാര്യ മന്ത്രി കിരണ് റിജുജുവിന്റെയും വാദം അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കി.
ഇതിനിടെ, 24 ലക്ഷം വിദ്യാർഥികൾക്ക് പാർലമെന്റിന്റെ യോജിച്ച വിശ്വാസം നൽകാനായി സർക്കാരും പ്രതിപക്ഷവും യോജിച്ച പ്രമേയം പാസാക്കണമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഓർമിപ്പിച്ചു.
രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളെ ബാധിച്ച വലിയ പ്രശ്നം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാഹുൽ പറയുന്നതിനിടെ അദ്ദേഹത്തിന്റെ മൈക്ക് ഓഫാക്കിയത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെ 11ന് ചേരാനായി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
രാഹുലിന്റെ മൈക്ക് ഓഫാക്കിയതു താനല്ലെന്ന് സ്പീക്കർ പിന്നീട് വിശദീകരിച്ചെങ്കിലും സഭയുടെ നാഥനല്ലാതെ മറ്റേതു ശക്തിയാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്ന് കോണ്ഗ്രസ് എംപിമാർ ചോദിച്ചു. തന്റെ മൈക്ക് വീണ്ടും ഓണാക്കണമെന്ന് ഓം ബിർലയോട് രാഹുൽ ആവശ്യപ്പെടുന്നതിന്റെയും സ്പീക്കർ മറുപടി പറയാതെ ഇരിക്കുന്നതിന്റെയും വീഡിയോ കോണ്ഗ്രസ് പുറത്തുവിട്ടു. ഈ വീഡിയോ വൈറലാകുകയും ചെയ്തു.
നീറ്റ് പ്രശ്നത്തിൽ ചർച്ച അനുവദിക്കാതിരുന്നതിനെത്തുടർന്ന് രാജ്യസഭയിൽ ചെയർമാൻ ധൻകറും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും നേർക്കുനേർ രംഗത്തെത്തി. ചർച്ച അനുവദിക്കാത്തതിൽ രോഷാകുലനായ ഖാർഗെ പതിവിനു വിപരീതമായി നടുത്തളത്തിലേക്കിറങ്ങി.
തന്നെ കേൾക്കാനോ ചർച്ച അനുവദിക്കാനോ തയാറാകാതിരുന്നതിനാലാണ് നടുത്തളത്തിലിറങ്ങേണ്ടി വന്നതെന്ന് ഖാർഗെ വിശദീകരിച്ചു. ഭരണപക്ഷത്തെ മാത്രം നോക്കി പ്രതിപക്ഷനേതാവിനെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ് ധൻകർ ചെയ്തതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. തെറ്റ് ചെയർമാന്റേതാണെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയെ കാണുന്നത് തനിക്കു വേദനാജനകമാണെന്ന് ചെയർമാൻ ധൻകർ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭ നിർത്തിവച്ചു. സഭയിലെ ബഹളത്തിൽ പങ്കെടുത്ത തൃണമൂൽ എംപിമാരായ ഡെറിക് ഒബ്രിയൻ, സാഗരിക ഘോഷ്, സാകേത് ഗോഖലെ എന്നിവരെ ചെയർമാൻ ധൻകർ വിളിച്ചുവരുത്തി മുന്നറിയിപ്പു നൽകി.
ചർച്ച തടഞ്ഞത് പ്രധാനമന്ത്രി: രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തെത്തുടർന്നാണ് നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച തടഞ്ഞതെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന് ചർച്ച വേണ്ടെന്നതു നിർഭാഗ്യകരമാണെന്നും പാർലമെന്റ് പിരിഞ്ഞശേഷം വീഡിയോ സന്ദേശത്തിൽ രാഹുൽ ആരോപിച്ചു.
രണ്ടു കോടി വിദ്യാർഥികളെ ബാധിച്ച പ്രശ്നമാണു നീറ്റ് ക്രമക്കേട്. ഏഴു വർഷത്തിനിടെ 70 തവണയാണ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നത്. സംവിധാനത്തിൽ പ്രശ്നമുണ്ടെന്ന് വളരെ വ്യക്തമാണ്. വൻ തുകയുടെ അഴിമതിയുമുണ്ട്. ഇതേ രീതിയിൽ മുന്നോട്ടുപോകാനാകില്ല- രാഹുൽ ചൂണ്ടിക്കാട്ടി.