ഐഎഎസ് പോരില്‍ പ്രശാന്തിനും വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണനും സസ്പെൻഷൻ
Tuesday, November 12, 2024 1:50 AM IST
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലും കടുത്ത നടപടിയുമായി സര്‍ക്കാര്‍. വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്തു.
ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണന് നേരിടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതത്.
ദിവസങ്ങളായി തുടരുന്ന വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടി വന്നിരിക്കുന്നത്. തന്റെ മൊബൈല്‍ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
പിന്നീട് പോലീസില്‍ പരാതി നല്കിയ ഗോപാലകൃഷ്ണന് മൊബൈലുകള്‍ ഫോര്‍മാറ്റ് ചെയ്ത് നല്‍കിയതായി കണ്ടെത്തിയതോടെ ഹാക്കിംഗ് വാദത്തിന് അടിസ്ഥാനമില്ലാതായി. വാട്സാപ്പ് ഉടമകളായ മെറ്റയും ഫോറന്‍സിക് ലാബ് പരിശോധനാഫലവും ഹാക്കിംഗ് വാദം തള്ളിയിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്നു വരെ വിളിച്ചുള്ള സോഷ്യല്‍ മീഡിയ അധിക്ഷേപമാണ് പ്രശാന്ത് നടത്തിയത്. ഇത്തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് എന്‍. പ്രശാന്തിനെതിരേ ചീഫ് സെക്രട്ടറി നടപടിക്കു ശിപാര്‍ശ ചെയ്തത്. പ്രശാന്തിന്റെ വിമര്‍ശനം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, തനിക്കെതിരേ നടപടി ഉറപ്പായിട്ടും ഇന്നലെയും പ്രശാന്ത് വിമര്‍ശനം തുടര്‍ന്നു. കളപറിക്കല്‍ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു ഇന്നലത്തെ പോസ്റ്റ്.
പ്രശാന്തിനെതിരേയുള്ള അന്വേഷണവും നടപടികളുമെല്ലാം സാധാരണ പോലെ വരുമെങ്കിലും ഗോപാലകൃഷ്ണന്റെ കാര്യത്തില്‍ അത് കൂടുതല്‍ കടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന അദ്ദേഹത്തിന്റെ വാദം കള്ളമാണെന്നു തെളിഞ്ഞിട്ടുണ്ട്. സംസ്ഥാന സിവില്‍ സര്‍വീസില്‍ ആദ്യമായാണ് മതാടിസ്ഥാനത്തില്‍ ഒരു വാട്സാപ്പ് രൂപീകരിക്കുന്നതെന്നാണ് വിവരം.
ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം ആയതിനാല്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു പോകാന്‍ സാധ്യതയുണ്ട്.
നിയമസഹായം നല്‍കും
സസ്പെന്‍ഡ് ചെയ്യപ്പെട്ട കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും നിയമസഹായം നല്‍കുമെന്ന് ഐഎഎസ് അസോസിയേഷന് പ്രസിഡന്റ് ബി. അശോക് പറഞ്ഞു. നിയമപരമായ അന്വേഷണം നടക്കണം. അവരുടെ വാദം കേള്‍ക്കണം. ഓഫീസര്‍മാര്‍ക്കിടയില്‍ മുന്‍പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് അസാധാരണമല്ലെന്നും ബി. അശോക് കൂട്ടിച്ചേർത്തു.
നടപടി വൈകി
ഐഎഎസ് വിവാദത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും പക്വത കാണിച്ചില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ വൈകി. നടപടി വളരെ നേരത്തെ വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.