മുനന്പം ജനതയെ കണ്ണീരിലാഴ്ത്തുന്നവർക്ക് സമൂഹം മാപ്പുതരില്ല: മാർ റാഫേൽ തട്ടിൽ
Sunday, November 10, 2024 1:19 AM IST
മുനന്പം: വഖഫ് അവകാശവാദത്തിന്റെ പേരിൽ മുനന്പത്തുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇവിടുത്തെ ജനതയ്ക്കൊപ്പം സീറോമലബാർ സഭയും സഹയാത്രികരായി ഒപ്പമുണ്ടാകുമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
മുനന്പത്തെ പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീർ വീഴാൻ കാരണക്കാർ ആരായാലും അവർക്ക് സമൂഹം മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മുനന്പം സമരപ്പന്തലിലെത്തി ഐക്യദാർഢ്യമറിയിച്ച് പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
ഭൂമിയുടെ അവകാശത്തിനായി പൊരുതുന്ന മുനന്പത്തെ ജനങ്ങളുടെ പ്രശ്നം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല, കേരളത്തിന്റെയാകെ പ്രശ്നമാണ്. വിനോദയാത്രക്കാർക്ക് കടൽത്തീരം കൗതുകക്കാഴ്ചയാവാം. എന്നാൽ, സ്ഥിരമായി തീരങ്ങളിൽ താമസിക്കുന്നവർ പലവിധ പ്രതിസന്ധികളിലൂടെയും കണ്ണീരിലൂടെയുമാണ് കടന്നുപോകുന്നത് എന്ന യാഥാർഥ്യം അധികാരികളും പൊതുസമൂഹവും തിരിച്ചറിയണം.
കടലിന്റെ അലിവും കരുണയും, കഠിനമായി അധ്വാനിച്ചു വിയർപ്പൊഴുക്കി സംരക്ഷിക്കുന്ന ഉപജീവനമാർഗവുമൊക്കെയാണ് തീരദേശ ജനതയെ ഇവിടെ നിലനിർത്തുന്നത്. കടലുമായി തീരജനതയ്ക്ക് ആത്മബന്ധമാണുള്ളത്. അതു രക്തബന്ധം പോലെ ദൃഢമാണ്. അതുകൊണ്ടുതന്നെ തീരത്തുള്ളവരെ ഇറക്കിവിടുന്ന എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതു മനുഷ്യത്വരഹിതവും നീചവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്.
മുനന്പം ജനതയെ വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്കാൻ എന്തെങ്കിലും ശ്രമങ്ങളുണ്ടായാൽ നിയമപരമായ മാർഗത്തിലൂടെയും സമാധാനപരമായ സത്യഗ്രഹം പോലുള്ള സമരമാർഗങ്ങളിലൂടെയും പോരാടാൻ സീറോമലബാർ സഭയുടെയും കേരളത്തിലെ സന്മനസുള്ള മനുഷ്യരുടെയും പിന്തുണ എക്കാലവും ഉണ്ടാകുമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടും ഇന്നലെ മുനന്പം സമരപ്പന്തലിലെത്തി ഐക്യദാർഢ്യമറിയിച്ചു. സീറോമലബാർ ആസ്ഥാന കാര്യാലയത്തിൽനിന്ന് ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസലർ റവ. ഡോ. പ്രകാശ് മറ്റത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ആന്റണി വടക്കേക്കര, എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലുങ്കൽ, ഫാ. മാത്യു തുരുത്തിപ്പിള്ളി, സന്യാസിനിമാർ, കത്തോലിക്ക കോൺഗ്രസ് നേതാക്കൾ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പം സമരപ്പന്തലിലെത്തിയിരുന്നു.
“മന്ത്രി പറഞ്ഞതുകൊണ്ട് പിന്നോട്ടു പോകുമെന്നു കരുതേണ്ട’’
മുനന്പം: മുനന്പം വിഷയത്തിൽ സമരം നയിക്കുന്ന പുരോഹിതർക്കെതിരേ പരാമർശം നടത്തിയ മന്ത്രി വി. അബ്ദുറഹ്മാന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മറുപടി.
മന്ത്രി പറഞ്ഞതുകൊണ്ട് തങ്ങൾ മുറുകെപ്പിടിക്കുന്ന ആശയങ്ങളും ഇവിടുത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലുള്ള പ്രതികരണങ്ങളും ഉപേക്ഷിക്കാൻ തയാറല്ല. കഷ്ടതയനുഭവിക്കുന്ന മുനന്പത്തെ ജനത്തിനൊപ്പം സഭ നിൽക്കുന്നില്ലെങ്കിൽ തങ്ങൾ ഒറ്റുകാരാകും. അത് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലാകുമെന്നും മാർ തട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.