വഖഫ് ബില്ലിനെ ഇടത്-വലത് മുന്നണികള്‍ എതിര്‍ത്തതെന്തിന്: പ്രകാശ് ജാവദേക്കര്‍
Friday, November 8, 2024 12:32 AM IST
കോഴിക്കോട്: മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പം നില്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നു കോണ്‍ഗ്രസ് നേതാവ് സതീശനും പറഞ്ഞതു കേട്ട് അദ്ഭുതം തോന്നിയെന്ന് മുന്‍കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.
മുനമ്പം നിവാസികള്ക്കൊപ്പമാണെങ്കില് പിന്നെന്തിനാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ദേഭഗതി ബില്ലിനെ യുഡിഎഫും എല്‍ഡിഎഫും എതിര്‍ത്തതെന്നും ജാവദേക്കര്‍ ചോദിച്ചു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് വഖഫ് ബോര്‍ഡ് ചെയര്മാന് പറയുന്നത്. എല്ലാ ആശയക്കുഴപ്പങ്ങള്‍ക്കും കാരണം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവസരവാദ രാഷ്ട്രീയമാണ്.
നിര്‍ദിഷ്ട ബില്‍ നിയമമായിക്കഴിഞ്ഞാല്‍ എല്ലാ ഇരകള്‍ക്കും നീതി ലഭിക്കുമെന്നിരിക്കെ ഭേദഗതിയെ എതിര്ക്കുന്നതെന്തിനാണെന്നു വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വ്യക്തമാക്കണം.
വഖഫ് ബോര്‍ഡിലെ സ്വേച്ഛാധിപത്യം നീക്കം ചെയ്യുന്നതിനും സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുന്നതിനും വഖഫ് ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത് എല്ലാ സര്‍ക്കാര്‍ സ്വത്തുക്കളും വഖഫില്‍ നിന്നു സ്വതന്ത്രമാക്കുകയും ചെയ്യും.
മുനമ്പം ഭൂമി 2019ലാണ് വഖഫ് സ്വത്തായി പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് യുഡിഎഫ് ഇതിനു സമ്മതിച്ചതും മൗനം പാലിച്ചതും-പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. യുഡിഎഫും എല്‍ഡിഎഫും തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്. ഇത് ഹിന്ദു-മുസ്ലിം പ്രശ്നമല്ല. നീതിയും അനീതിയും തമ്മിലുള്ള പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.