മുനന്പം: മന്ത്രിതല ചർച്ചയ്ക്ക് സർക്കാർ
സ്വന്തം ലേഖകൻ
Monday, November 4, 2024 3:29 AM IST
തിരുവനന്തപുരം: മുനന്പം ഭൂമി തർക്കം പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രിതല ചർച്ച നടത്താൻ സർക്കാർ. ഉപതെരഞ്ഞെടുപ്പിനു ശേഷം 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല ചർച്ച നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ റവന്യു മന്ത്രി കെ. രാജൻ, നിയമമന്ത്രി പി. രാജീവ്, വഖഫിന്റെ ചുമതലയുള്ള മന്ത്രി പി. അബ്ദുറഹ്മാൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക.
മുനന്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് 10 കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ടെന്നാണു സർക്കാർ വിലയിരുത്തൽ. കേസുകൾ തീർപ്പാക്കുകയാണു പ്രധാനമായും മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്യുക. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു നിയോഗിച്ച നിസാർ കമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് മുനന്പം ഭൂമിയിൽ വഖഫുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഇതിനെ തരണം ചെയ്യാൻ നിയമഭേദഗതി അടക്കമുള്ളവയും ചർച്ചയ്ക്കെത്തും.
മുനന്പത്തെ ഭൂമിക്ക് പകരം സർക്കാർ ഭൂമി കൊടുക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. എന്നാൽ, ഇത്രത്തോളം ഭൂമി നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. എന്തായാലും മന്ത്രിതല ചർച്ചയ്ക്കു ശേഷമാകും തുടർ നടപടികൾ ആലോചിക്കുക.
എന്നാൽ, സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെടുന്നത്. മന്ത്രിതല ചർച്ചയിലൂടെ മാത്രം മുനന്പത്തെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന വാദവുമുണ്ട്.
പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കും: വി.ഡി. സതീശന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണ് മുനമ്പം ഭൂമി തര്‍ക്കമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വഖഫ് ബോര്‍ഡിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് തര്‍ക്കവിഷയം. പക്ഷേ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞ ഭാവം കാട്ടുന്നില്ല.
മുനമ്പം സമരം 23 ദിവസം പിന്നിട്ടിട്ടും ശാശ്വത പരിഹാരത്തിനായി ഇടപെടാത്ത സര്‍ക്കാര്‍നിലപാട് വര്‍ഗീയശക്തികള്‍ക്ക് നിലമൊരുക്കലാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാടു സ്വീകരിച്ച് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള നീക്കങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും "ദീപിക’ പ്രതിനിധി കെ. ഇന്ദ്രജിത്തിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
മുനമ്പം ഭൂമിപ്രശ്നം പരിഹരിക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തും. വഖഫ് ഭൂമിയെന്ന തര്‍ക്കത്തിന്റെ പേരില്‍ 600ഓളം കുടുംബങ്ങളെ പെരുവഴിയിലാക്കാന്‍ അനുവദിക്കില്ല. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായി സര്‍വകകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ ഇടപെടുമെന്ന് എം.വി. ഗോവിന്ദൻ
മുനന്പം വിഷയത്തിൽ ഇടപെടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാൻ ഗോവിന്ദൻ തയാറായില്ല.