District News
കൊച്ചി: പി.വി. ശ്രീനിജിന്‍ എംഎല്‍എയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ട്വിന്റി 20 നേതാവ് സാബു എം. ജേക്കബ്. ശ്രീനിജിന്‍ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ലെന്ന് നുണ പറയുകയാണ്. രണ്ടുതവണ തന്റെ വീട്ടില്‍ വന്നത് വിവാഹം ക്ഷണിക്കാന്‍ അല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
നുണ പരിശോധന നടത്തിയാല്‍ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിപിഎം നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്. ഒന്നിനും രസീത് ഇല്ലായിരുന്നു. തന്റെ ഉത്പന്നങ്ങളെക്കുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജിന്‍. ശ്രീനിജിന്‍ തന്റെ സ്ഥാപനത്തില്‍ വന്നു സാധനങ്ങള്‍ വാങ്ങിയതുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്.
ട്വന്റി 20 പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനം ജനങ്ങളെ ബോധിപ്പിക്കും. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നിയമപ്രകാരം പരാതി നല്‍കലാണ് ശ്രീനിജിന്റെ ശീലം. നിലവില്‍ ഒരു മുന്നണിയുമായും കൈ കോര്ക്കുന്നില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
District News
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോലി സംബന്ധമായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പ്പാലത്തെത്തിയപ്പോൾ മേതല സ്വദേശി ബിജു ബസിൽ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നിൽപ്പുറപ്പിച്ചു.
നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോൾ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു. പ്രതിയെ പിടികൂടി ഊന്നുകൽ പോലീസിൽ ഏൽപ്പിച്ചു.
ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.
District News
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി. നിരക്ക് കുറച്ചുകൂടേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി കോടതിയെ അറിയിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരിപ്പാതയിൽ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങൾ വന്നുകയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോൾ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കരാറുകാരുടെ കാര്യത്തിൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നു കോടതി ചോദ്യമുന്നയിച്ചു. ഇക്കാര്യത്തിൽ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരനായ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകൾ പൂർണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മേഖലയിലെ അടിപ്പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത 544-ലെ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞത്.
ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. ദേശീയപാതാഅഥോറിറ്റി ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.
District News
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിടുണ്ട്.
സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്.
ഷാജൻ ചെയ്ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
District News
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.
District News
കൊച്ചി: സംസ്ഥാനത്ത് രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപയിലും പവന് 86,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,955 രൂപയിലെത്തി.
വ്യാഴാഴ്ചയും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 10,930 രൂപയും പവന് 87,000 രൂപയുമാണ് സർവകാല റിക്കാർഡ്.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഔൺസിന് 3,863 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോൾ 3,844 ഡോളറിലേക്ക് വീണതാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 156 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
District News
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതി ക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപ കടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.
Editorial
കോടതിയുടെ അവധിത്തലേന്ന് അനധികൃത കൈയേറ്റം നടത്തിയാൽ നിയമത്തെ അട്ടിമറിക്കാമെന്നു ക്രിമിനലുകൾക്കറിയാം. കളമശേരി മാർത്തോമ്മാ ഭവൻ കൈയേറിയതും അങ്ങനെയാണ്. ആ കൈയേറ്റങ്ങൾക്കു സർക്കാരിപ്പോൾ കാവലുമിട്ടു. സഭയും ദീപികയും പെട്ടെന്നു പ്രതികരിക്കാതിരുന്നത് എന്തെന്ന വർഗീയ കുത്തിത്തിരിപ്പിനുകൂടി മറുപടി പറയാം.
ഈ മുഖപ്രസംഗം ആപത്കരമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്ന്, കളമശേരി മാർത്തോമ്മാ ഭവന്റെ മതിൽ പൊളിച്ച് കൈയേറ്റം നടത്തിയവരെക്കുറിച്ചും അതിനു കാവൽ നിൽക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുമാണ്.
കോടതികളുടെ അവധിദിവസങ്ങൾക്കു തലേന്ന് കൈയേറ്റം നടത്തി നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പരാതിക്കാരും നിയമസംവിധാനങ്ങളും നിസഹായരാകുന്ന സ്ഥിതിയാണിത്. രണ്ട്, രാത്രിയിലെത്തിയ കുറ്റവാളികൾക്കു പിന്നാലെ, ഈ സംഭവത്തെ കത്തോലിക്കാ സഭയ്ക്കും ദീപികയ്ക്കും എതിരേ ആയുധമാക്കാൻ അതിരാവിലെയെത്തിയ ചില വർഗീയ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെക്കുറിച്ചാണ്. രണ്ടും നാടിനാപത്താണ്.
കളമശേരിയിൽ കൈയേറ്റം നടന്നത് ഓണത്തലേന്നാണ്. പുലർച്ചെ ഒന്നിനും നാലിനുമിടയ്ക്കാണ് ഏകദേശം 70 പേരടങ്ങുന്ന ക്രിമിനൽസംഘം കളമശേരി, എച്ച്എംടി കോളനിക്കടുത്ത് കന്യാസ്ത്രീ മഠം ഉൾപ്പെടെയുള്ള മാർത്തോമ്മാ ഭവനിലെത്തിയത്. വാഹനങ്ങളും ക്രെയിനും മാരകായുധങ്ങളുമായെത്തിയവർ ആദ്യമേതന്നെ മഠത്തിന്റെ സിസിടിവികൾ തകർത്തു.
100 മീറ്ററോളം മതിൽ തകർത്ത് റെഡിമെയ്ഡ് മുറികൾ മാർത്തോമ്മാ ഭവന്റെ വളപ്പിൽ സ്ഥാപിച്ചു. ജലവിതരണ പൈപ്പുകൾ തകർത്തു, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചു. ‘പ്രോപ്പർട്ടി ഓഫ് എം.എച്ച്. ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 45 വർഷമായി നിലവിലുള്ള സ്ഥാപനം കൈയേറിയവർക്കെതിരേ മാർത്തോമ്മാ ഭവൻ അധികൃതർ പരാതി കൊടുത്തിട്ടും ഈ നിമിഷം വരെ പോലീസ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം, കോടതിയുടെ അവധിദിവസങ്ങൾക്കു തലേന്ന് ഇത്തരം കൈയേറ്റങ്ങൾ നടത്തിയാൽ പരാതിക്കാരൻ നിസഹായനാകും. അവധി തീർന്നു കോടതിയിലെത്തിയാൽ തത്സ്ഥിതി നിലനിർത്തി കേസ് തുടരാനാകും മിക്കവാറും വിധിയുണ്ടാകുക. കൈയൂക്കുള്ളവർ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ പഴുതടയ്ക്കാൻ സർക്കാരിനോ കോടതികൾക്കോ സാധിച്ചിട്ടില്ല.
നിയമത്തെ നോക്കുകുത്തിയാക്കിയ ഈ സംഭവം വേദനാജനകമെങ്കിലും ഏതെങ്കിലും മതത്തിന്റെ സംഘടിതനീക്കമായി ചിത്രീകരിക്കരുതെന്നും അത്തരം ശ്രമങ്ങൾ തെറ്റാണെന്നും തത്കാലം വാർത്തപോലും കൊടുക്കേണ്ടതില്ലെന്നുമായിരുന്നു മാർത്തോമ്മാ ഭവന്റെയും സഭയുടെയും നിലപാട്. പക്ഷേ, കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ അവരെ കണ്ടെത്തി കേസെടുക്കാനോ ഒരു നടപടിയുമില്ലെന്നു കണ്ടതോടെയാണ് മാർത്തോമ്മാ ഭവന്റെ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി കൂടുതൽ പ്രതികരണത്തിനു തയാറായത്. ഉത്തരവാദിത്വത്തോടെയുള്ള ആ പ്രതികരണങ്ങൾ ദീപിക യഥാസമയം കൊടുത്തിട്ടുമുണ്ട്.
അതിൽ ഇങ്ങനെ പറയുന്നു: “1982ൽ മാർത്തോമ്മാ ഭവനു സ്ഥലം കൈമാറിയ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിറ്റു. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവന് തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്. എന്നിട്ടും കൈയേറി. ഇപ്പോഴും നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി സ്ഥലത്തുള്ള പോലീസ് ഇടപെടുന്നില്ല.
അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. ജനപ്രതിനിധികളും ഇടപെടണം.”
സാമൂഹിക ഐക്യത്തിനു വിഘാതമാകാതെ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നതെന്നും ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്നും ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാരണങ്ങളാലാണ് സഭയോ ദീപികയോ എടുത്തുചാടി പ്രതികരിക്കാതിരുന്നത്. മുന്നോട്ടും ഇതേ സമീപനം തന്നെയായിരിക്കും. പക്ഷേ, വർഗീയ സാധ്യതകൾക്കു തക്കംപാർത്തിരിക്കുന്ന ക്രൈസ്തവ വർഗീയ സംഘടനയും കൂട്ടാളികളും രംഗത്തെത്തി. പ്രതിസ്ഥാനത്ത് മുസ്ലിം നാമധാരികളാണ് എന്നതു മാത്രമായിരുന്നു ധാർമികരോഷത്തിനു കാരണം. ആ രാഷ്ട്രീയം നാം ഏറ്റെടുക്കില്ല.
പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടെ ക്രൈസ്തവരെ ആൾക്കൂട്ട വിചാരണ നടത്തുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്ത സംഘപരിവാറിനു മംഗളപത്രമെഴുതിക്കൊണ്ടിരിക്കുന്നവരും ചങ്ങാതിമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുമാണ് സഭയെ സംരക്ഷിക്കാനും ദീപികയെ മാധ്യമപ്രവർത്തനം പഠിപ്പിക്കാനും ശ്രമിക്കുന്നത്. വർഗീയവിഷത്തിന്റെ ഈ കാസയിൽനിന്നു കുടിക്കരുതെന്ന് ജാതി-മത ഭേദമെന്യേ വിവേകമുള്ളവരെല്ലാം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ക്രൈസ്തവരെ ഏതോ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള അച്ചാരം വാങ്ങി ക്രിസ്തുവിനെ ദുരുപയോഗിക്കുന്ന ഇത്തരം വ്യക്തിതാത്പര്യ-ഇതരമതവിദ്വേഷ സംഘങ്ങളെക്കുറിച്ച് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന മുഖപ്രസംഗത്തിൽ ദീപിക മുന്നറിയിപ്പു നൽകിയിരുന്നു. അതു വീണ്ടും ഓർമിപ്പിക്കുന്നു.
മൂവാറ്റുപുഴ നിർമല കോളജിലുൾപ്പെടെ നിസ്കാരമുറി അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയപ്പോൾ അവിടെയെന്നല്ല, കേരളത്തിലെ ഒരു ക്രൈസ്തവ സ്ഥാപനത്തിലും അത് അനുവദിക്കില്ലെന്ന് ദീപിക മുഖപ്രസംഗമെഴുതി. വഖഫ് നിയമത്തിന്റെ മതേതര-ഭരണഘടനാവിരുദ്ധ വകുപ്പുകളെ ഉൾപ്പെടെ ചെറുത്തിട്ടുണ്ട്.
ഗാസ വിഷയത്തിൽ യുദ്ധത്തെ എതിർക്കുന്നതിനൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായ ഹമാസിനെ തുറന്നുകാണിക്കുകയും ചെയ്തു. സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോൾ മാത്രമല്ല, മുസ്ലിംകളെ ആൾക്കൂട്ടക്കൊലപാതകം നടത്തിയപ്പോഴും ബിജെപി സംസ്ഥാനങ്ങളുടെ ബുൾഡോസർ രാജിനെതിരേയും തൂലിക ചലിപ്പിച്ചു.
കാഷ്മീർ വിഷയത്തിലെയും തീവ്രവാദ ആക്രമണങ്ങളിലെയുമൊക്കെ കേന്ദ്രസർക്കാരിന്റെ ധീരമായ നിലപാടിനെ പിന്തുണച്ചു. കോൺഗ്രസിനും സിപിഎമ്മിനുമെതിരേയും ശക്തമായെഴുതി. ഇതൊന്നും സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കാനല്ല; ജനാധിപത്യത്തെയും മതേതരത്വത്തെയും മാധ്യമധർമത്തെയും ഒറ്റിക്കൊടുക്കാതിരിക്കാനാണ്.
വളർന്നുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കാനുള്ള ശ്രമത്തിൽനിന്നു പിന്തിരിയില്ലെന്ന് ദീപിക വായനക്കാർക്കും കേരള സമൂഹത്തിനും ഉറപ്പ് നൽകുന്നു. അത് അനായാസ മാധ്യമപ്രവർത്തനമല്ലെന്നറിയാം. പക്ഷേ, മാതൃരാജ്യത്തോടും വിശ്വസാഹോദര്യത്തോടുമുള്ള ആ ഉത്തരവാദിത്വം കത്തോലിക്ക സഭയുടെ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന സ്ഥാപക പിതാക്കന്മാരുടെ നിലപാടുകൾ വഴിയിലുപേക്ഷിക്കില്ല.
ഈ നിലപാടിന്, അനുദിനം വർധിക്കുന്ന വരിക്കാരും വായനക്കാരും നൽകുന്ന പിന്തുണയാണ് ദീപികയുടെ പ്രചോദനം. ക്രിയാത്മക വിമർശനങ്ങൾക്കനുസരിച്ച് തിരുത്താനും മടിക്കാറില്ല. എന്നാൽ, ഈ പത്രത്തെ ഏതെങ്കിലും വർഗീയതയുടെയോ രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല; അണിഞ്ഞിരിക്കുന്നത് ക്രൈസ്തവ മുഖംമൂടിയാണെങ്കിലും, വർഗീയത വിനാശമാണ്. നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന യഥാർഥ വിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ചുനിന്നു പറയണം ‘മാ നിഷാദ’.
Kerala
കൊച്ചി: എംഎസ്സി എല്‍സ3 കപ്പല്‍ അപകടം നടന്നിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് സര്‍ക്കാര്‍.
ബാധ്യത 132 കോടിയില്‍ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി കോടതിയെ അറിയിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ എതിര്‍പ്പ് അറിയിച്ചിട്ടില്ല. പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാല്‍ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം.
കൊല്ലം അഴീക്കലില്‍ നിന്ന് പോയ ശിവസുതന്‍ വള്ളത്തിന്റെ വല രണ്ടു തവണയാണ് എംഎസ്എസി എല്‍സയില്‍ നിന്ന് വീണ കണ്ടെയ്നറില്‍ കുടുങ്ങി കീറിയത്. വലയും ഉപകരണങ്ങളുമടക്കം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
എറണാകുളം മുതല്‍ കൊല്ലം വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങളാണ് നശിച്ചു പോകുന്നത്. ഇതിനിടെയാണ് അപകടത്തിന്റെ ബാധ്യത വെറും 132 കോടിയില്‍ പരിമിതപ്പെടുത്താനുള്ള മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ശ്രമം.
പാരിസ്ഥിതിക ആഘാതവും മത്സ്യത്തൊഴിലാളികളുടെ നഷ്ടവുമൊക്കെ കണക്കാക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ട 9,531 കോടിയുടെ 1.3ശതമാനം മാത്രമാണ് കമ്പനി പറഞ്ഞ തുക. കമ്പനിയുടെ കപ്പലുകള്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തടയണമെന്നും എംഎസ്സി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതികളെ കളമശേരി പോലീസിന് കൈമാറി.
Kerala
കൊച്ചി: വടുതലയില്‍ അയല്‍വാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കൊച്ചി വടുതലയിൽ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി അയൽവാസിയായ വില്യംസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു.
നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും നിലനിന്നിരുന്നു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
Kerala
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച "വാന്‍ഹായ് 503' കപ്പലില്‍ നിന്ന് വീണ്ടും തീ ഉയരുന്നതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു. വെള്ളിയാഴ്ച കപ്പലില്‍ വീണ്ടും തീ കണ്ടതോടെ രക്ഷാദൗത്യങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന നടപടികള്‍ അനിശ്ചിതത്വത്തിലായി. അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.
അതേസമയം, കപ്പലിന്റെ അകത്തെ അറയില്‍ സൂക്ഷിച്ച കണ്ടെയ്നറുകളില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് പറഞ്ഞു. കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉണ്ടെന്നാണ് കരുതുന്നത്.
ഇതിൽ അമോണിയം നൈട്രേറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇത് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. വെളിപ്പെടുത്താത്ത വസ്തുക്കള്‍ വന്നത് കപ്പല്‍ കമ്പനിയുടെ അറിവോടെയല്ലെന്നും സൂചനയുണ്ട്.
തീ വീണ്ടും ഉയര്‍ന്നതോടെ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡിജി ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്.
കപ്പലിനെ നിലവില്‍ വലിച്ചു കൊണ്ടു പോയിരുന്നത് ഓഫ്ഷോര്‍ വാരിയര്‍ ടഗ്ഗാണ്. കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കണ്ടിരുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി. കപ്പലില്‍ 2,500 ടണ്ണോളം എണ്ണയുണ്ടെന്നുള്ള വിവരം വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503ന് തീപിടിച്ചത്. ബേപ്പൂര്‍അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.
NRI
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദമ്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.
ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.
കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.
സമുദ്രയാത്രാ പ്രിയനായ നിക്കിന്റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.
ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.
ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.
കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.
ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്
പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.
Kerala
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച "വാന്‍ഹായ് 503' കപ്പലിന്റെ എന്ജിന് റൂമിലേക്ക് വെള്ളം കയറുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതോടെ കപ്പല്‍ 30 സെന്റിമീറ്റര്‍ കൂടി ചെരിഞ്ഞു. വെള്ളം കയറുന്ന തോത് ഇനിയും കൂടിയാല്‍ കപ്പല്‍ മുങ്ങിയേക്കാമെന്ന സൂചനയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കുന്നത്.
അതിനിടെ കപ്പല്‍ ഇന്ത്യന്‍ എക്സ്ക്യൂസീവ് ഇക്കണോമിക് സോണിന് പുറത്തേക്ക് മാറ്റണമെന്നാണ് ഡിജിഎസിന്റെ നിര്‍ദേശം. ഇന്ത്യന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ വലിച്ചു കൊണ്ടുപോകാനാണ് ലക്ഷ്യംവയ്ക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ചിലപ്പോള്‍ ഈ നിര്‍ദേശം നടപ്പിലാക്കിയേക്കും. എന്ജിന് റൂം, ഡൈവിംഗ് സാഹചര്യം എന്നിവ ആശ്രയിച്ചായിരിക്കും ഇത്.
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പല്‍ നീക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്. പാരിസ്ഥിതിക അനുമതികളും സുരക്ഷാ പ്രോട്ടോക്കോളും അനുസരിച്ചാകും തുടര്‍നടപടികള്‍. അതേസമയം മറ്റ് അപകടകരമായ നിലയിലേക്കു നീങ്ങിയാല്‍ കാലതാമസം കൂടാതെ മാറ്റുന്നതിനുള്ള നടപടികളും ഉണ്ടാകും.
അതേസമയം, കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുത്തിട്ടുണ്ട്. വൈകാതെ ഇത് തീരത്തെത്തിക്കും. കപ്പലിന്റെ മാസ്റ്റര്‍ ബുധനാഴ്ച കൊച്ചിയിലെത്തിയേക്കുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ വ്യാഴാഴ്ച വേര്‍തിരിച്ചെടുക്കും. ഇതില്‍ കസ്റ്റംസ്, ലോജിസ്റ്റിക്സ് എന്നിവരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ കപ്പല്‍ അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ നിഗമനം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.
Kerala
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മട്ടാഞ്ചേരി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് മിനിലോറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് ആഷിഖിനെ കണ്ടെത്തിയത്. പെണ്‍സുഹൃത്താണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Special News
"മേരാ ജൂത്ത ഹേ ജപ്പാനി, യെ പതലോണ് ഇംഗ്ലീസ്ഥാനി
സര് പേ ലാല്‍ ടോപ്പി റൂസി, ഫിര്‍ ഭീ ദില്‍ ഹേ ഹിന്ദുസ്ഥാനി
കറുത്ത തൊപ്പിയും ധരിച്ചു കൈയില്‍ ഒരു ഭാണ്ഡവുമായി രാജ് കപൂര്‍ ഈ ഗാനം പാടി സ്ക്രീനില്‍ എത്തിയപ്പോള്‍, പാട്ടിന്റെ അലയടികള്‍ സൃഷ്ടിക്കപ്പെട്ടത് അങ്ങു ഹിന്ദിഹൃദയ ഭൂമിയില്‍ മാത്രമല്ല, ഈ കൊച്ചു കേരളവും അത് ഏറ്റുപാടി.
രാജ് കപൂറിനെ അനുകരിച്ചുകൊണ്ട് പലരും ഈ പാട്ടുകള്‍ പാടി നടന്നു. പ്രത്യേകിച്ചും കൊച്ചിക്കാര്. നര്‍ഗീസിനെയും മീനകുമാരിയെയും പോലുള്ള സുവര്‍ണതാരങ്ങളെ പ്രണയിക്കാനും ആരാധിക്കാനും കൊച്ചിക്കാരെ പഠിപ്പിച്ചത് അന്നത്തെ തോപ്പുംപടിയില്‍ അമ്പതുകളില്‍ ഉയര്‍ന്നു വന്ന പട്ടേല്‍ തിയറ്റര്‍ ആയിരുന്നു.
തൂണുകളില്ലാതെ പണിത അത്യപൂര്‍വ സിനിമാകൊട്ടക അതായിരുന്നു കൊച്ചിക്കാര്‍ക്ക് പട്ടേല്‍ തിയറ്റര്‍. ആഡംബരത്തിന്റെയും ഉന്നത കലാസൃഷ്ടിയുടെയും പര്യായമായി നിലകൊണ്ടിരുന്ന പട്ടേല്‍ തിയറ്റര്‍ പടുത്തുയര്‍ത്തിയത് കൊച്ചിയിലെ അറിയപ്പെടുന്ന ധനാഢ്യനായിരുന്ന ഇബ്രാഹിം പട്ടേല്‍ ആയിരുന്നു.
ആധുനികതയും വാസ്തുചാതുര്യവും ഒത്തിണങ്ങിയ ഈ സിനിമാശാല പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റി. കൊച്ചിയില്‍നിന്നു മാത്രമല്ല എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകള്‍ ഇവിടേക്ക് എത്തി.
പ്രത്യേകതകള്‍ ഏറെയുണ്ട്...
കലാസ്നേഹിയായിരുന്ന ഇബ്രാഹിം പട്ടേല്‍ സേഠിനു തന്റെ അച്ഛന്റെ കുടുംബസ്വത്തായി ലഭിച്ച തെങ്ങിന്തോപ്പ് വിറ്റു കിട്ടിയ പണം കൊണ്ടാണ് രണ്ടു നില തിയറ്റര്‍ പടുത്തുയര്‍ത്തിയത്.
ആ തെങ്ങിന്‍തോപ്പിലേക്കു പോകുന്ന പടിയാണ് പിന്നീട് ലോപിച്ചു തോപ്പുംപടിയായി മാറിയെന്നത് മറ്റൊരു കൗതുകം. ആദ്യം മുതല്‍ മതേതരവാദി, റിബല്‍ തുടങ്ങിയ പട്ടങ്ങള്‍ ഇബ്രാഹിം പട്ടേലിന് ചാര്‍ത്തി കിട്ടിയിരുന്നു.
ആ കാലഘട്ടത്തില്‍ സിനിമയെ മാറ്റി നിർത്തിയിരുന്നു മുസ്ലിം സമുദായത്തിലേക്കാണ് പട്ടേല്‍ സിനിമാശാലയിലൂടെ വാതില്‍ തുറന്നത്. പട്ടേല്‍ തിയറ്ററിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത് പ്രശസ്ത എൻജിനീയര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ആയിരുന്നു.
ഡാമുകള്‍ കെട്ടിപ്പടുത്താന്‍ ഉപയോഗിച്ചിരുന്ന സുര്‍ക്ക കലര്‍ന്ന കല്ലുകളാണ് ബ്രിസ്റ്റോ നിര്‍മാണത്തിന് ഉപയോഗിച്ചത്. അന്നത്തെ കാലത്തു ട്യൂബ് ലൈറ്റ് സിനിമാ ആസ്വാദകരെ സംബന്ധിച്ചിടത്തോളം കൗതുകവസ്തുവായിരുന്നു.
അവര്‍ ഇതിനെ "വാഴപ്പിണ്ടി വിളക്ക്' എന്ന് വിളിച്ചു. സിനിമാകൊട്ടകയുടെ മുന്‍വശവും പിന്‍വശവും ഒരു പോലെ കാണാം എന്നതാണ് പട്ടേല്‍ തിയറ്ററിന്റെ പ്രത്യേകത. ആദ്യമായി മോര്‍ണിംഗ് ഷോ നടത്തിയ സിനിമാകൊട്ടക എന്ന ഖ്യാതിയും പട്ടേല്‍ തിയറ്ററിന് സ്വന്തം.
തിയറ്ററിന്റെ ഉദ്ഘടനത്തിന് ഹെലികോപ്ടറിലാണ് ഇബ്രാഹിം പട്ടേലും ഒപ്പം ഫിലിം പെട്ടിയും വന്നിറങ്ങിയതെന്നും പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു.
കുബേരനില്‍ നിന്നു കുചേലനിലേക്ക്...
ഇബ്രാഹിം പട്ടേലിന്റെ കുടുംബം ഗുജറാത്തിലെ കച്ചില്‍ നിന്നുമുള്ളവരായിരുന്നു. എല്ലാം ഉപേക്ഷിച്ചു കൊച്ചിയില്‍ വന്നവര്‍ ഒന്നുമില്ലായ്മയില്‍ നിന്നു ഒരു സാമ്രാജ്യം കെട്ടിപടുത്തുകയായിരുന്നു.
ധനികരായതോടെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, ആലുവ മണപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂമിയും ബംഗ്ലാവുകളും തോപ്പുകളും പട്ടേല്‍ കുടുംബം സ്വന്തമാക്കി.
കൊച്ചി രാജാക്കന്മാരോട് സൂക്ഷിച്ചു പോന്നിരുന്ന സൗഹാര്‍ദ മനോഭാവവും ഇവര്‍ക്ക് ഗുണകരമായി. കാലകാലങ്ങളായി പട്ടേല്‍ കുടുംബം സ്വരൂക്കൂട്ടിയ സ്വത്തിന്റെ അവകാശിയായിരുന്നു ഇബ്രാഹിം പട്ടേല്‍.
പട്ടേലിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യ പാകിസ്ഥാനിലെ കച്ചി സമുദായാംഗമാണ്. അവരില്‍ പട്ടേലിന് രണ്ടു ആണ്‍കുട്ടികളുണ്ട്. അലിഗഢ് സര്‍വകലാശാലയില്‍നിന്നു പഠിച്ചിറങ്ങിയ നിയമവിദ്യാര്‍ഥിയായിരുന്നു മൂത്ത പുത്രന്.
പട്ടേലിന്റെ കര്‍ക്കശ സ്വഭാവവും ഉപദ്രവവും സഹിക്കവയ്യാതെ ഇന്ത്യ- പാക്കിസ്ഥാന് വിഭജന സമയത്തു ഒരു കത്തെഴുതി വച്ച് മൂത്ത മകന് പാകിസ്ഥാനിലേക്ക് ചേക്കേറി. പട്ടേലിന്റെ രണ്ടാം ഭാര്യയായ ഫാത്തിമ ഭായ് മലയാളിയായിരുന്നു.
ഫാത്തിമയ്ക്കും പട്ടേലിനും എട്ടു മക്കളാണ് പിറന്നത്. അവരില്‍ സുബൈദ ഭായ് പട്ടേല്‍, ഇസ്മായില്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. മക്കള്‍ പോലും അച്ഛനെ മുതലാളി എന്നാണ് വിളിച്ചിരുന്നത്.
തന്റെ സ്വാധീനം ഉപയോഗിച്ച് മക്കള്‍ക്ക് ജോലി ലഭിക്കരുതെന്നുള്ള പിടിവാശി പട്ടേലിന് ഉണ്ടായിരുന്നു, വീട്ടിലെ സ്ത്രീകള്‍ സിനിമ കാണാന്‍ പോവുന്നത് രാത്രിയിലായിരുന്നു.
"സിനിമ തുടങ്ങി അല്പനേരം കഴിയുമ്പോള്‍ മുഖം മറച്ചു കൊണ്ട് ആരും കാണാതെയാണ് സിനിമാശാലയ്ക്കുള്ളില് പ്രവേശിച്ചിരുന്നത്'- പട്ടേലിന്റെ മക്കളിലൊരാളായ സലിം പട്ടേലിന്റെ ഭാര്യ മാഷാ ഭായ് ഓര്‍ത്തെടുക്കുന്നു.
പണമുള്ളതിന്റെ ധാര്‍ഷ്ട്യവും ആരെയും കൂസാക്കാത്ത പ്രകൃതവുമായിരുന്നു ഇബ്രാഹിം പട്ടേലിന്റേത്. തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന്റെ പണി പൂര്‍ത്തിയായ സമയം.
വൈസ്രോയി ഉദ്ഘടനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന പാലത്തിലൂടെ ആദ്യം സഞ്ചരിക്കണമെന്ന ആഗ്രഹം പട്ടേലിന് തോന്നുകയും പോലീസുകാരുടെ സമ്മതത്തോടെ അദ്ദേഹം കാറിലൂടെ പാലത്തില്‍ സഞ്ചരിക്കുകയും ചെയ്തു എന്നതാണ് പട്ടേലിനെ കുറിച്ചുള്ള മറ്റൊരു രസകരമായ കഥ.
ചൂതുകളിയിലൂടെയും ദാനധര്‍മങ്ങളിലൂടെയും ലക്ഷങ്ങളാണ് പട്ടേല്‍ ഒഴുക്കി കളഞ്ഞത്. അതോടെ അയാളുടെ ശനിദശയും ആരംഭിച്ചു. പട്ടേല്‍ തിയറ്റര്‍ ഇരുന്ന സ്ഥലം കൈമാറി പലരിലേക്കും എത്തി.
നിലവില്‍ തിയറ്റര്‍ കെട്ടിടത്തിന്റെ ഉള്ളില്‍ ഓഡിറ്റോറിയവും മാളും ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും മാത്രമാണുള്ളത്.