International
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നാലെ വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല.
പാക്കിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെയാണ് ഇത് ബാധിക്കുന്നത്.
ഏപ്രിൽ 22ന് 26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യോമപാത അടച്ചത്.
National
ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒന്നിനേയും ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പാക് സൈനിക മേധാവി അസിം മുനീറിന് പരോക്ഷ മറുപടിയായി മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും മധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Sports
ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരത്തിനെതിരായ ഹർജി കോടതി പരിഗണിച്ചില്ല. ഹർജി വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് തള്ളി.
എന്തിനാണ് ഹർജി ഇത്രയും തിടുക്കത്തിൽ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റീസ് ജെ.കെ. മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം, അതിൽ തങ്ങൾ എന്തുചെയ്യാനാണ് എന്ന് ചോദിച്ച കോടതി മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കി.
പൂനയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന് തിരോദ്കറാണ് ഇന്ത്യ-പാക്കിസ്ഥാന് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും, കാഷ്മീര്‍ താഴ്വരയില് രാജ്യത്തെ പൗരന്മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരേ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളിലായാലും ഇന്ത്യ പാക്കിസ്ഥാനിലോ, പാക്കിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.
International
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജലവിതരണം ഇന്ത്യ നിർത്തിയാൽ നിർണായക പ്രതികരണം ഉണ്ടാകുമെന്നാണ് ഭീഷണി. പാക്കിസ്ഥാന്റെ ഒരിറ്റ് വെള്ളം പോലും വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. സിന്ധു നദീജലം പാക്കിസ്ഥാന്റെ ജീവരക്തമാണെന്നും രാജ്യാന്തര ഉടമ്പടികൾ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യയ്ക്ക് തെളിവ് സഹിതം വിവരം ലഭിച്ചതിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഇതോടെ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും ഭീഷണി മുഴക്കി രംഗത്തെത്തിയത്.
Kerala
ന്യൂഡൽഹി: യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യമാണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡറായ പർവതനേനി ഹരീഷ് വിമർശിച്ചു.
സമാധാനവും ബഹുമുഖത്വവും എന്ന വിഷയത്തിൽ ചർച്ച നടക്കവേ പാകിസ്ഥാൻ പ്രതിനിധിയുടെ പരാമർശങ്ങളിൽ മറുപടി പറയുകയായിരുന്നു ഇന്ത്യ. ഒരു വശത്ത് പക്വതയാർന്ന ജനാധിപത്യവും, കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും, ബഹുസ്വരതയുമായി ഇന്ത്യ നിലകൊള്ളുന്നു. മറുവശത്ത് മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണയ്ക്കുന്ന രാജ്യമായി പാക്കിസ്ഥാനും.
ഏപ്രിൽ 22ന് ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും അദ്ദേഹം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില നൽകേണ്ടിവരുമെന്നും ഓപ്പറേഷൻ സിന്ദൂർ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
National
ഇസ്ലാമാബാദ്: കോൺസുലാർ കരാർ പ്രകാരം ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 193 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 246 പേരുടെ പട്ടികയാണ് പാക്കിസ്ഥാൻ കൈമാറിയത്. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധിക്കാണ് പാക്കിസ്ഥാൻ ലിസ്റ്റ് നൽകിയത്. 81 പാക് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 463 പേരുടെ ലിസ്റ്റാണ് ഇന്ത്യ കൈമാറിയത്.
2008 ലെ ദി എഗ്രിമെന്റ് ഓൺ കോൺസുലാർ ആക്സസ് കരാർ വ്യവസ്ഥയനുസരിച്ച് ഓരോ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇടയിൽ തടവുപുള്ളികളുടെ ലിസ്റ്റ് കൈമാറണം. ശിക്ഷാകാലാവധി പൂർത്തിയാക്കിയവരേയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും ഇക്കാലയളവിൽ വിട്ടയയ്ക്കും.