സൗത്ത് കാരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു
പി.പി. ചെറിയാൻ
Tuesday, October 7, 2025 3:55 PM IST
സൗത്ത് കാരോലിന: സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ശനിയാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പുകളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളെത്തുടർന്ന് കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വിദ്യാർഥി റസിഡൻഷ്യൽ കോംപ്ലക്സായ ഹ്യൂഗൈൻ സ്യൂട്ട്സ് പ്രദേശത്തിന് സമീപമാണ് ആദ്യ വെടിവയ്പ് നടന്നതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഇവിടെ വെടിയേറ്റ ഒരു വനിതയെ ഉടൻതന്നെ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചത് സലുഡ സ്വദേശിയായ 19 വയസുള്ള ജാലിയ ബട്ട്ലർ ആണെന്ന് ഓറഞ്ച്ബർഗ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. രണ്ടാമത്തെ വെടിവയ്പിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വെടിവയ്പുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും സൗത്ത് കാരോലിന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ സ്ഥിരീകരിച്ചു.