ഡാളസിൽ പിതാവിന്റെ മർദനമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു
പി.പി. ചെറിയാൻ
Monday, October 6, 2025 11:33 AM IST
ഡാളസ്: ക്രൂര മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പിതാവിനെതിരെ പോലീസ് കേസെടുത്തു. ജോർദാൻ ഗ്രീറിനെ (22) ആണ് മെസ്ക്വിറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബർ 18ന് നോർത്ത് വെസ്റ്റ് ഡ്രൈവിലെ 5800-ാം ബ്ലോക്കിൽ അബോധാവസ്ഥയിൽ ഒരു കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
ഉടൻ തന്നെ പോലീസ് കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ ഒട്ടേറെ പരിക്കുകൾ കണ്ടെത്തി. പല തവണ കുട്ടി മർദനത്തിന് ഇരയായെന്ന് മനസിലാക്കിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന് തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ നീർക്കെട്ട്, രക്തസ്രാവം എന്നിവയുണ്ടായിരുന്നു. മുൻപ് ഒന്നിലധികം വാരിയെല്ലുകൾക്ക് പൊട്ടലുകൾ സംഭവിച്ചിരുന്നെങ്കിലും ഇവ പിന്നീട് ഭേദമായി എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ കുഞ്ഞിന് പരുക്കേറ്റതിൽ തനിക്ക് പങ്കില്ലെന്ന നിലപാടാണ് പിതാവ് ജോർദാൻ ഗ്രീർ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കുലുക്കുകയും ഒന്നിലധികം തവണ കട്ടിലിൽ തലയിടിപ്പിക്കുകയും ചെയ്തതായി സമ്മതിച്ചു.