യുക്മ മിഡ്ലാൻഡ് റീജിയൺ കലാമേള 11ന്
Monday, October 6, 2025 5:00 PM IST
കവൻട്രി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ശനിയാഴ്ച കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ(കാർഡിനൽ വൈസ്മാൻ സകൂൾ) നടക്കും.
യുക്മയുടെ അംഗ അസോസിയേഷൻ എന്ന നിലയ്ക്ക് അംഗങ്ങൾക്കോ അവരുടെ കുട്ടികൾക്കോ മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നു സംഘാടകർ അറിയിച്ചു.
നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുന്ന റീജിയണൽ കലാമേളയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് സുവർണാവത്സരം വിനിയോഗിക്കണമെന്ന് സംഘാടകർ അറിയിച്ചു.
കവൻട്രി കേരള കമ്യൂണിറ്റി (സികെസി) ആതിഥ്യമരുളുന്ന കലാമേളയ്ക്ക് ഒരാഴ്ച കൂടി ബാക്കി നിൽക്കേ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി യുക്മ റീജണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര മിഡ്ലാൻഡസിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ് തോമസ്, റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി, റീജിയണൽ ട്രഷറർ പോൾ ജോസഫ്, റീജിയണൽ പിആർഒ രാജപ്പൻ വർഗീസ് എന്നിവർ അറിയിച്ചു.