വിൻസെന്റ് വലിയവീട്ടിലിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു
Thursday, October 2, 2025 4:52 PM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ(കെഎഡി) സജീവ അംഗവും സംഗീതജ്ഞനുമായ വിൻസെന്റ് വലിയവീട്ടിലിന്റെ (70) നിര്യാണത്തിൽ കെഎഡി അനുശോചിച്ചു.
വിൻസെന്റിന്റെ വിയോഗം ഡാളസിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. കെഎഡിയുടെ സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അക്ഷീണം പ്രവർത്തിച്ചിരുന്ന ഒരു കലാകാരൻ എന്ന നിലയിൽ നിരവധി പരിപാടികളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
അമേരിക്കയിലെങ്ങുമുള്ള മലയാളി സാംസ്കാരിക വേദികളിൽ വിൻസെന്റ് നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾ അമേരിക്കൻ മലയാളികളുടെ സാംസ്കാരിക യാത്രയ്ക്ക് ഒരു മുതൽക്കൂട്ടായി എന്നും നിലനിൽക്കുമെന്ന് കെഎഡി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ കുറിച്ചു.
ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കെഎഡി ഡയറക്ടർ ബോർഡും അംഗങ്ങളും അഗാധമായ അനുശോചനം അറിയിച്ചു.