ലാന ദ്വൈവാർഷിക സമ്മേളനം; സുനിൽ പി. ഇളയിടം മുഖ്യാതിഥി
അനശ്വരം മാമ്പിള്ളി
Monday, October 6, 2025 10:24 PM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാലസിൽ സംഘടിപ്പിക്കുന്ന ലാന 2025 (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ദ്വൈവാർഷിക സമ്മേളനത്തിൽ സുനിൽ പി. ഇളയിടം മുഖ്യാതിഥിയാകും.
ഒക്ടോബർ 31, നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. എം.വി. പിള്ള, നിരൂപകൻ സജി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. അമേരിക്കയിലെ എല്ലാ മലയാള സാഹിത്യ പ്രേമികളെയും ലാനയും കേരള ലിറ്റററി സൊസൈറ്റിയും മലയാളികളുടെ സാംസ്കാരിക നഗരമായ ഡാളസിലേക്ക് സ്വാഗതം ചെയ്യുന്നു.
അമേരിക്കയിൽ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്. അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരും കൂടി കൈകോർത്താണ് ലാന രൂപീകരിച്ചത്.
കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം.എസ്.ടി. നമ്പൂതിരി, അബ്രഹാം തെക്കേമുറി, അബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ ഇതിന് മുൻകൈയെടുത്തു. കെഎൽഎസ് പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചിട്ടുമുണ്ട്.
പ്രസിഡന്റ് ശ്രീ ശങ്കർ മന (ടെന്നീസി), സെക്രട്ടറി സാമുവൽ പനവേലി (ടെക്സസ്), ട്രഷറർ ഷിബുപിള്ള (ടെന്നീസി), മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.