ഫ്ലോറിഡയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Monday, October 6, 2025 11:26 AM IST
ഫ്ലോറിഡ: 1990ൽ സൗത്ത് ഫ്ലോറിഡയിൽ നടന്ന ഒരു കവർച്ചയ്ക്കിടെ ദമ്പതികളായ ജാക്കി(67), ഡോളി നെസ്റ്റർ(66) ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വിക്ടർ ടോണി ജോൺസിനെ (64) ചൊവ്വാഴ്ച മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയമാക്കി.
ഈ വർഷം സംസ്ഥാനത്ത് നടപ്പിലാക്കിയ 13-ാമത്തെ വധശിക്ഷയാണിത്. അടുത്ത മാസം രണ്ട് വധശിക്ഷകൾ കൂടി നടപ്പിലാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. സ്റ്റാർക്കിനടുത്തുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ കുത്തിവയ്പ്പിനെ തുടർന്ന് വിക്ടർ ടോണി ജോൺസ് വൈകുന്നേരം 6.13ന് മരിച്ചതായി പ്രഖ്യാപിച്ചു.
നടപടിക്രമത്തിന്റെ തുടക്കത്തിൽ വൈകുന്നേരം ആറിന് വ്യൂവിംഗ് റൂമിലേക്കുള്ള തിരശീല തുറന്നു. അവസാനമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ജോൺ പറഞ്ഞു. "ഇല്ല സർ'.
തുടർന്ന് നടപടിക്രമം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.