മലയാളം മിഷൻ ബ്രിട്ടിഷ് കൊളംബിയ സറി ചാപ്റ്റർ പ്രവേശനോത്സവം സംഘടിപ്പിച്ചു
ജോസഫ് ജോൺ കാൽഗറി
Sunday, October 5, 2025 1:27 PM IST
കാൽഗറി: ഒഎച്ച്എം ബിസിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം സ്കൂളായ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സുറിയിലെ സ്റ്റെമാ ലേണിംഗ് സെന്ററിൽ നടന്ന ആഘോഷത്തിൽ 25ലധികം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
പ്രശസ്ത എഴുത്തുകാരൻ അജയ് നായർ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി അധ്യക്ഷത വഹിച്ചു. ചടങ്ങിന് സ്കൂൾ കോഓർഡിനേറ്റർ രമ്യ നായർ സ്വാഗതവും അധ്യാപികയായ വത്സമ്മ നന്ദിയും പറഞ്ഞു.
അധ്യാപകരായ ആർ.എസ്. അനുമോൾ, ബിബിൻ ചന്ദ്രകുമാർ എന്നിവരും സംഘാടകരായ എ.പി. അരുൺ, ആശ നായർ, നീതു അനിൽ കുമാർ എന്നിവരും ആശംസകൾ അർപ്പിച്ചു. രമ്യ നായർ ഈ വർഷത്തെ പഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ആറ് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മലയാള ഭാഷ പഠിക്കുന്നതിനോടൊപ്പം അവരുടെ കലാ-സാഹിത്യ-സാംസ്കാരിക ഉന്നമനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് ഇത്തവണ അധ്യാപകർ ആവിഷ്കരിച്ചിട്ടുള്ളത്.
സറിയിൽ കൂടുതൽ ക്ലാസുകളും മറ്റു മേഖലകളിൽ പുതിയ ക്ലാസുകളും നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണ് ബ്രിട്ടിഷ് കൊളംബിയ ചാപ്റ്റർ.