കൺസർവേറ്റീവ് മാധ്യമപ്രവർത്തകനെ പോർട്ട്ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു
പി.പി. ചെറിയാൻ
Monday, October 6, 2025 5:22 PM IST
പോർട്ട്ലൻഡ്: യുഎസിലെ ഐസിഇ (ICE) ഓഫീസിന് പുറത്തുള്ള പ്രതിഷേധം കവര്‍ ചെയ്യുന്നതിനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ നിക്ക് സോർട്ടറെ പോർട്ട്ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവസ്ഥലത്ത് അക്രമം സൃഷ്ടിച്ച ആന്തിഫ ഗ്രൂപ്പുകളെ പോലീസ് തടഞ്ഞില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
സ്വാതന്ത്ര്യാനുഭവങ്ങളും മാധ്യമ സ്വാതന്ത്ര്യവും വിലമതിക്കപ്പെടേണ്ട സമയത്ത്, ഒരു പത്രപ്രവർത്തകനെ വെറുതെ ജോലി ചെയ്തതിന് അറസ്റ്റ് ചെയ്യുന്നത് അത്യന്തം ഗുരുതരമാണെന്നാണ് പൊതുസമൂഹത്തിന്റെ വിമർശനം.
അതിനിടെ ആന്തിഫാ സംഘടനയുടെ പ്രതിരോധ ഫണ്ട് പ്രവര്‍ത്തനം താൽക്കാലികമായി നിർത്തിയതായി അറിയിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ "ഭീകരസംഘടന' എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
നഗരത്തിൽ നിയമം പാലിക്കുന്ന പൗരന്മാരെക്കാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഗ്രൂപ്പുകളെ അധികാരികൾ പിന്തുണയ്ക്കുന്നതായി വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. മാധ്യമപ്രവർത്തകർ, നിയമ സംരക്ഷകർ, പൊതുപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.